താമരേശ്ശരി: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് തെറ്റിദ്ധരിപ്പിക്കുന്നതും തൃപ്തികരമല്ലാത്തതുമായ മറുപടി നൽകിയതിന് കോഴിക്കോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്ക് വിവരാവകാശ കമീഷൻ 1000 രൂപ പിഴയിട്ടു. തലയാട് കാരേമ്മൽ ബാലൻ നൽകിയ അപേക്ഷയിലാണ് തെറ്റിദ്ധരിപ്പിക്കുന്നതും തൃപ്തികരമല്ലാത്തതുമായ മറുപടി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യ വിവരാവകാശ കമീഷണർ വിൻസൻറ് എം. പോൾ പിഴ ശിക്ഷ വിധിച്ചത്. പിഴ സംഖ്യ 30 ദിവസത്തിനുള്ളിൽ അടച്ച് രേഖാമൂലം വിവരാവകാശ കമീഷൻ സെക്രട്ടറിയെ അറിയിക്കണം. അല്ലാത്തപക്ഷം ശമ്പളത്തിൽനിന്ന് പിടിക്കാനും മേലുദ്യോഗസ്ഥന് കമീഷൻ നിർദേശം നൽകി. അല്ലെങ്കിൽ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തിചെയ്ത് പിഴ സംഖ്യ ഇൗടാക്കാനും ഉത്തരവിൽ പറയുന്നു. കാട്ട് മൃഗങ്ങൾ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നതിൽനിന്നും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് തലയാട് കല്യാണിബാലനും മറ്റും മനുഷ്യാവകാശ കമീഷന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വനാതിർത്തിയിൽ വനത്തിലോ അതു പറ്റില്ലെങ്കിൽ കൃഷിക്കാരുടെ ഭൂമി വിലക്കെടുത്തോ സൗരോർജ വേലി നിർമിക്കണമെന്ന് കമീഷൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് എന്ത് നടപടികളാണ് എടുത്തതെന്നറിയാൻ വിവരാവകാശ നിയമപ്രകാരം ബാലൻ നൽകിയ അപേക്ഷയിലാണ് ഡി.എഫ്.ഒ തൃപ്തികരമല്ലാത്ത മറുപടി നൽകിയതായി വിവരാവകാശ കമീഷൻ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.