കണ്ടെയ്നർ കയറ്റിറക്ക് കൂലി: തൊഴിൽ മന്ത്രിയും തുറമുഖ മന്ത്രിയും നടത്തിയ ചർച്ച ഫലം കണ്ടില്ല

ബേപ്പൂർ: ബേപ്പൂർ കയറ്റിറക്ക് തുറുമുഖത്ത് മാസങ്ങളായി തുടരുന്ന കണ്ടെയ്നർ കയറ്റിറക്കുകൂലി തർക്കത്തിനു പരിഹാരം കാണുവാൻ തിരുവനന്തപുരത്തു വിളിച്ചു ചേർത്ത മന്ത്രിതല യോഗം പുതിയ കൂലി നിശ്ചയിക്കാനാകാതെ പിരിഞ്ഞു. മിനിമം 1000 രൂപ വേണമെന്ന നിലപാടാണ് തൊഴിലാളി യൂനിയൻ നേതാക്കളുടെ ആവശ്യം. ചർച്ചയിൽ ഒരു കണ്ടെയ്നറിന് നിലവിൽ താൽകാലികമായി നൽകിക്കൊണ്ടിരിക്കുന്ന അഞ്ഞൂറു രൂപ പോലും നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു കണ്ടെയ്നർ ട്രാൻസ്പോർട്ട് ഏജൻസി അധികൃതർ. ഇതോടെ ചർച്ച വീണ്ടും വഴിമുട്ടുകയായിരുന്നു. തൊഴിൽ മന്ത്രി തുറമുഖത്ത് നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്ന ധാരണയിൽ തൽകാലം യോഗം അവസാനിപ്പിച്ചു. ബേപ്പൂർ തുറുമുഖത്തെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തി തുടങ്ങാനാവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്ന് തുറുമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വികസനത്തിന് പ്രധാനമായും ആവശ്യമായ, തുറമുഖത്തിനു സമീപത്തെ കോവിലകം ഭൂമി ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കുമെന്നും വാർഫ് 150 മീറ്റർ നീളം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള തുടർ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വാർഫിൽ കണ്ടൈയ്നർ ഇറക്കി വെക്കുന്നതിനും സ്റ്റീവ് ഡോർ വർക്കിനും ചേർത്ത്, ഒരു കണ്ടൈനർ എന്ന നിരക്കിൽ 1000 രൂപയെങ്കിലും വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ തയാറാകുന്നില്ല. ഇപ്പോൾ നിലവിലുള്ള 249 രൂപയിൽനിന്ന് 40 ശതമാനം വർധന നിരക്കിൽ 350 രൂപ വരെ നൽകുവാൻ സമ്മതിച്ചെങ്കിലും തൊഴിലാളികൾ തൃപ്തരാകാതെ വന്നതാണ് ചർച്ച അലസിപ്പിരിയാൻ കാരണം. ചർച്ചയിൽ വി.കെ.സി മമ്മദ് കോയ എം.എൽ.എ, പോർട്ട് ഡയറക്ടർ അജിത് പാട്ടീൽ, കലക്ടർ യു.വി. ജോസ്, ക്യാപ്റ്റൻ അശ്വനി പ്രതാപ്, പി.എച്ച്. കൂര്യൻ, ഷിപ്പിങ് ഏജൻറുമാർ, കണ്ടെയ്നർ ട്രാൻസ്പോർട്ട് ഏജൻറുമാർ, വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ യു. പോക്കർ, പി. ഷംസുദ്ദീൻ, ടി. മൊയ്തീൻകോയ, കെ. സിദ്ധാർഥൻ, എ.ഇ. മാത്യു, പി. നവാസ്, യു. ബാബു, പി. സലീം, കെ. അജയൻ, കെ. ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.