കോഴിക്കോട്: നിർമാണം പൂർത്തിയായി മാസങ്ങളായിട്ടും വലിയങ്ങാടിയിലെ ശൗചാലയം തുറന്നുകൊടുക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. വാട്ടർ കണക്ഷൻ ലഭിക്കാത്തതാണ് ശൗചാലയം അടഞ്ഞുകിടക്കാൻ കാരണം. ബീച്ചിനോട് ചേർന്ന് പഴയ പാസ്പോർട്ട് ഒാഫിസ് കെട്ടിടത്തിനടുത്തായാണ് ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെയായി ശൗചാലയം നിർമിച്ചത്. കോൺക്രീറ്റ് കെട്ടിടത്തിെൻറ പെയിൻറിങ്ങും ടൈൽ പാകലും പ്ലംബിങ് പ്രവൃത്തികളും പൂർത്തിയായിട്ട് മൂന്നു മാസത്തോളമായതായി തൊഴിലാളികൾ പറയുന്നു. മുൻവശത്ത് ഗ്രിൽസ് സ്ഥാപിച്ചതിലെ അശാസ്ത്രീയതയും ഇവർ ചൂണ്ടിക്കാട്ടുന്നു. തഴുതിട്ട് പൂട്ടിയാലും തുറന്നുപോകുന്ന രീതിയിലാണ് ഗ്രിൽസ് ഘടിപ്പിച്ചത് എന്നാണ് പരാതി. ഇതോടെ ചങ്ങലയിട്ടാണ് പൂട്ടിയിട്ടത്. വലിയങ്ങാടിയിലെ കടകളിൽ നൂറുകണക്കിന് െതാഴിലാളികളാണ് ജോലിചെയ്യുന്നത്. മാത്രമല്ല, ചരക്കുമായെത്തിയതും ചരക്ക് കാത്തുകിടക്കുന്നതുമായ നൂറോളം ലോറികളും ഇൗ പ്രദേശത്ത് നിർത്തിയിടുന്നുണ്ട്. ഇതിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ഉപകരിക്കുമെന്ന നിലക്കായിരുന്നു മുറവിളിക്കൊടുവിൽ ശൗചാലയം നിർമിച്ചത്. നിലവിൽ പ്രാഥമിക കൃത്യം നിർവഹിക്കാനും മറ്റും സൗകര്യങ്ങളൊന്നും വലിയങ്ങാടിയിലില്ല. ശൗചാലയത്തിന് വാട്ടർ കണക്ഷൻ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇതിനുള്ള നടപടികൾ നഗരസഭ ആരംഭിച്ചതായും വാർഡ് കൗൺസിലർ ജയശ്രീ കീർത്തി പറഞ്ഞു. കെ.പി. കേശവമേനോൻ റോഡ്, എം.പി റോഡ് എന്നിവിടങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കാൻ നടപടിയായതായും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.