കോഴിക്കോട്: ജില്ലയിൽ രണ്ടുപേർക്കുകൂടി എച്ച്1 എൻ1 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ എച്ച്1 എൻ1 ഇതുവരെ ബാധിച്ചവരുടെ എണ്ണം 133 ആയി. മൂന്നുപേർക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചിട്ടുണ്ട്. 92 പേർക്കാണ് വ്യാഴാഴ്ച ഡെങ്കിപ്പനി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. ഒരാൾക്ക് എലിപ്പനി സംശയിക്കുന്നുണ്ട്. മടവൂർ, വില്യാപ്പള്ളി എന്നിവിടങ്ങളിലെ രണ്ടു കുട്ടികൾ ഡെങ്കിപ്പനിയെത്തുടർന്ന് മരിച്ചു. മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലാണ് ഇരുവരും മരിച്ചത്. വിവിധയിടങ്ങളിലായി പനി ബാധിച്ച് 2352 പേർ ചികിത്സ തേടി. മലമ്പനി നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കി കോഴിക്കോട്: വെള്ളയിൽ പ്രദേശത്ത് രണ്ടുപേർക്ക് തദ്ദേശീയ മലമ്പനി ബാധിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗബാധിതരുടെ വീടുകളിലും സമീപവീടുകളിലും പനി പരിശോധന, മലമ്പനി പരത്തുന്ന അനോഫിലസ് കൊതുകുകളുടെ പ്രദേശത്തെ സാന്നിധ്യം അറിയാനുള്ള രാത്രികാല പരിശോധന, കിണറുകളിലും ടാങ്കുകളിലും ലാർവ പരിശോധന, കിണറുകളിൽ ഗപ്പി മത്സ്യ നിക്ഷേപം, കൂത്താടികളെ നശിപ്പിക്കൽ, സ്പ്രേയിങ് തുടങ്ങിയവയാണ് ചെയ്യുന്നത്. കോർപറേഷനുമായി ചേർന്ന് കിണറുകൾക്ക് വല ഇടുന്ന പ്രവൃത്തിയും നടത്തി. പ്രോവിഡൻസ് ഗേൾസ് സ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റിലെ അംഗങ്ങളെ ഉൾപ്പെടുത്തി ആരോഗ്യപ്രവർത്തകർ ഗൃഹസന്ദർശനം നടത്തി. മലമ്പനി നിയന്ത്രണ പ്രവർത്തനങ്ങൾ ഡി.എം.ഒ ഡോ. വി. ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ല സർവൈലൻസ് ഓഫിസർ ഡോ. ആശദേവി, സീനിയർ ബയോളജിസ്റ്റ് കെ.ടി. മോഹനൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.