സി.എം മഖാം-നരിക്കുനി റൂട്ടിൽ സന്ധ്യയോടെ ബസുകൾ ഓട്ടം നിർത്തുന്നെന്ന് കൊടുവള്ളി: ജില്ലയിലെ പ്രധാന ബസ് റൂട്ടായ മടവൂർ സി.എം മഖാം- -നരിക്കുനി റൂട്ടിൽ സന്ധ്യയോടെ ബസുകൾ ഓട്ടം നിർത്തുന്നതായി പരാതി. ഇതോടെ ആറു മണിക്കുശേഷം യാത്രക്കാർ ദുരിതത്തിലാവുകയാണ്. ചില ബസുകൾ ആറിനുശേഷം കോഴിക്കോട്ടേക്കുള്ള ട്രിപ്പുകൾ ഒഴിവാക്കുകയും ചിലത് കുന്ദമംഗലം വരെ പോയി ഓട്ടം പാതിവഴിയിൽ അവസാനിപ്പിക്കുകയുമാണത്രെ. രാത്രി ഒമ്പതിനുശേഷം കുന്ദമംഗലത്തുനിന്ന് നരിക്കുനി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ വയനാട് ഭാഗത്തേക്കുള്ള ബസിൽ കയറി പടനിലം ജങ്ഷനിൽ ഇറങ്ങി ഒാേട്ടായിൽ എത്തണം. സന്ധ്യക്കുശേഷം നരിക്കുനി ഭാഗത്തേക്ക് ഓടിയിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ സ്വകാര്യ ബസുടമകളുടെ സമ്മർദത്തിനു വഴങ്ങി മാസങ്ങളായി ഓടുന്നുമില്ല. രാത്രിയിലെ യാത്രക്ലേശം അവസാനിപ്പിക്കാൻ നിയമപാലകരും മോട്ടോർ വാഹന വകുപ്പ് അധികൃതരും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും സത്വര നടപടി സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. മടവൂർ ഭാഗത്ത് വൈദ്യുതി മുടക്കം പതിവാകുന്നു കൊടുവള്ളി: കൊടുവള്ളി 110 കെ.വി സബ് സ്റ്റേഷനു കീഴിൽ വരുന്ന മുട്ടാഞ്ചേരി വൈദ്യുതി ഫീഡറിൽ വൈദ്യുതി ഒളിച്ചുകളിക്കുന്നു. മഴ തുടങ്ങുമ്പോഴും ചെറിയ കാറ്റടിക്കുമ്പോഴും വൈദ്യുതി മുടങ്ങുക പതിവാണെന്ന് നാട്ടുകാർ പറയുന്നു. മുട്ടാഞ്ചേരി ഫീഡറിൽപെട്ട ആരാമ്പ്രം, കൊട്ടക്കാവയൽ, പുള്ളിക്കോത്ത്, ചക്കാലക്കൽ, ചോലക്കരത്താഴം, മുട്ടാഞ്ചേരി ഭാഗങ്ങളിലെ നൂറുകണക്കിന് ഉപഭോക്താക്കളാണ് ഇതോടെ പ്രയാസത്തിലാവുന്നത്. നരിക്കുനി കെ.എസ്.ഇ.ബി സെക്ഷൻ എ.ഇ ഓഫിസ് പരിധിയിൽപെട്ട ഈ പ്രദേശങ്ങളിൽ മടവൂർ ഏരത്തുമുക്കിലുള്ള കൊടുവള്ളി സബ് സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. നരിക്കുനി സെക്ഷൻ ഓഫിസിൽ വിളിച്ചുപറഞ്ഞാൽ മുട്ടാഞ്ചേരി ഫീഡർ ഫാൾട്ടാണെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നതെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. വൈദ്യുതി ഒളിച്ചുകളി അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.