പൂനൂർ പുഴ സംരക്ഷണ പ്രവർത്തകർക്ക്​ വീട്ടിലെ കാര്യം രണ്ടാമത്​

കക്കോടി: ചെറുകുളത്തെ പൂനൂർ പുഴ സംരക്ഷണ സമിതി പ്രവർത്തകർക്ക് അവധിദിവസങ്ങളിൽ പുഴസംരക്ഷണം കഴിഞ്ഞേ ഇപ്പോൾ മറ്റൊരു കാര്യമുള്ളൂ. പ്ലാസ്റ്റിക് മാലിന്യങ്ങളും പായലും നിറഞ്ഞ് മലിനമായ പുഴക്ക് ആറുമാസംകൊണ്ട് പുനരുജ്ജീവനം നൽകിയിരിക്കുകയാണ് ഒരു കൂട്ടം പ്രവർത്തകർ. കക്കോടി ഗ്രാമപഞ്ചായത്തിൽ മാത്രം 12 കുടിവെള്ള പദ്ധതികളിലൂടെ പതിനായിരക്കണക്കിന് ആളുകൾക്ക് ജീവജലം നൽകുന്ന പൂനൂർ പുഴ മാലിന്യവും വിസർജ്യങ്ങളുംകൊണ്ട് നിറഞ്ഞതോടെയാണ് പ്രദേശത്ത് സംരക്ഷണ സമിതി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചത്. നിരന്തര ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ പുഴയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുകയും പുഴ സംരക്ഷിക്കുകയുമാണിപ്പോൾ. പുഴക്കരയിലുള്ള 360 കുടുംബങ്ങളെ സംരക്ഷണ സമിതിയിൽ ചേർത്താണിപ്പോൾ ഇവരുടെ പ്രവർത്തനം. ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും പുഴയിൽനിന്ന് നിരവധി ലോഡ് മാലിന്യമാണ് തോണിയിൽ നീക്കംചെയ്യുന്നത്. പാലത്തിന് മുകളിൽനിന്ന് മാലിന്യം തള്ളാതിരിക്കാൻ മാസങ്ങളോളം കാവൽനിന്നതോടെ അറുതിയായി. മാലിന്യം നീങ്ങി പുഴക്ക് തെളിമയേറിയതോടെ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റംവന്നതായും പുഴ സംരക്ഷിക്കേണ്ടതി​െൻറ ആവശ്യകത തിരിച്ചറിയുകയും ചെയ്തതായി സംരക്ഷണ സമിതി ചെയർമാൻ ബാലരാമൻ പറയുന്നു. ഞായറാഴ്ച ചെറുകുളം പാലം മുതൽ കോർപറേഷൻ പരിധിയിൽപെട്ട ചെറുവത്തോട്ടത്തിൽ വരെയുള്ള അരക്കിലോമീറ്റർ ദൂരത്തെ മാലിന്യം നീക്കി. സജീവൻ കക്കടവത്ത്, രാജേഷ് ബാബു, ദിലീപ് കക്കടവത്ത്, സുധീർ, രതീഷ്, ശശി മേലേ പുളിയങ്ങോട്ട്, രഘു, ബൈജു പൂരങ്ങോട്ട്, വേണുഗോപാൽ, രവി എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.