മിഠായിതെരുവ്തീ പിടിത്തം: ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട്: മിഠായിതെരുവ് തീപിടിത്തത്തിന്‍െറ പശ്ചാത്തലത്തില്‍ അഗ്നിശമന സേനയും റവന്യൂ വിഭാഗവും തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ ശനിയാഴ്ച കലക്ടര്‍ക്ക് കൈമാറും. അഗ്നിശമന സേന വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് ജില്ല ഓഫിസര്‍ അരുണ്‍ ഭാസ്ക്കറും റവന്യൂ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് ഡിസാസ്റ്റര്‍ മാനേജ്മെന്‍റിന്‍െറ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസറുമാണ് കലക്ടര്‍ യു.വി. ജോസിന് കൈമാറുക. അടിക്കടിയുണ്ടാകുന്ന തീപിടിത്തത്തിന് ശാശ്വത പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ടാണ് അഗ്നിശമന സേന റിപ്പോര്‍ട്ട് തയാറാക്കിയത്. സുരക്ഷ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ് ഡെപ്യൂട്ടി കലക്ടറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കലക്ടറേറ്റില്‍ ഉച്ചതിരിഞ്ഞ് മൂന്നിന് ചേരുന്ന വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ അവതരിപ്പിക്കും. കര്‍ശനമായി പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. ഡെപ്യൂട്ടി കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടാണ് ഇന്ന് കൈമാറുക. കൂടുതല്‍ പരിശോധനകള്‍ നടത്തി സമഗ്ര റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഠായിത്തെരുവിലെ വിവിധ കടകളില്‍ അനധികൃതമായി പാചകവാതക സിലിണ്ടര്‍, മണ്ണെണ്ണ എന്നിവയുള്‍പ്പെടെ ശേഖരിച്ചുവെക്കുന്നതായി അഗ്നിശമന സേന, സിവില്‍ സപൈ്ളസ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടത്തെിയിട്ടുണ്ട്. മാത്രമല്ല നിരവധി കടകളില്‍ കാലപ്പഴക്കം ചെന്ന വയറിങ്ങുകളുണ്ടെന്നും കടകള്‍ക്കകത്തുതന്നെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും മറ്റും കാര്‍ബോര്‍ഡ് ചട്ടകളും പെട്ടികളും കൂട്ടിയിട്ടിരിക്കുന്നതായും കണ്ടത്തെി. നിശ്ചിത ബള്‍ബുകള്‍ മാത്രം കത്തിക്കേണ്ടിടത്ത് ഇതിന്‍െറ ഇരട്ടിയിലധികം വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ സ്ഥാപിച്ചതായും കണ്ടത്തെി. ഇതുസംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ വരും ദിവസങ്ങളിലും നടക്കും. കെട്ടിടങ്ങളില്‍ ഫയര്‍ ഹൈഡ്രന്‍റുകള്‍, ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ എത്താനുള്ള സൗകര്യം, പാചകവാതക സിലിണ്ടര്‍ ഉപയോഗം, തുണിത്തരങ്ങളും മറ്റും സൂക്ഷിക്കുന്ന ഭാഗത്തെ സുരക്ഷിതത്ത്വം എന്നിവ കൃത്യമായി പരിശോധിക്കണമെന്നാണ് അഗ്നിശമന സേനയുടെ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ളെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉറപ്പുപറയുന്ന പശ്ചാത്തലത്തില്‍ ഫോറന്‍സിക് വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ തീപിടിത്ത കാരണം വ്യക്തമാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.