പദ്ധതിക്കുരുക്കില്‍ കനോലി കനാല്‍

കോഴിക്കോട്: നഗരത്തിന്‍െറ മുഖം മാറ്റുമായിരുന്ന കനോലി കനാല്‍ നവീകരണ പദ്ധതി വിവാദക്കുരുക്കില്‍. 1100 കോടി രൂപ ചെലവില്‍ പ്രഖ്യാപിച്ച നവീകരണ പദ്ധതി ഒരടി മുന്നോട്ടുപോകാത്തതിനാല്‍ കനാലും ഇരു കരകളിലെ ജലസ്രോതസ്സുകളും മാലിന്യപ്പുഴയായി തുടരുകയാണ്. പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണ് പദ്ധതി വിവാദത്തിലായത്. കനാല്‍ വികസനത്തിന് 1100 കോടിയുടെ നവീകരണ പദ്ധതി തയാറായതാണ് മാസങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നത്. എന്നാല്‍, പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഒരു ഉത്തരവും ഇറങ്ങിയിട്ടില്ല എന്നാണ് ജലസേചന വകുപ്പ് അധികൃതര്‍ പറയുന്നത്. കോര്‍പറേഷന്‍ മേയര്‍ ആവശ്യപ്പെട്ടതുപ്രകാരം വിശദമായ പദ്ധതി തയാറാക്കി നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തത്. പ്രധാനമന്ത്രി കോഴിക്കോട്ട് വന്നപ്പോള്‍ സമര്‍പ്പിക്കാനായിരുന്നു ലക്ഷ്യമെങ്കിലും ഇത് നടക്കാത്തതിനാല്‍ മേയര്‍ സംസ്ഥാന സര്‍ക്കാറിന് മുന്നില്‍വെക്കുകയായിരുന്നു. ജലപാതക്ക് വേണ്ടിയല്ലാതെ, അറ്റകുറ്റപ്പണിക്ക് മാത്രമായി കേന്ദ്രസര്‍ക്കാര്‍ ഇനി തുക അനുവദിക്കില്ല എന്നതാണ് കാരണം. ഇതിന് ശരാശരി ഏഴുമീറ്റര്‍ വീതിയുള്ള കനാല്‍ 15 മീറ്ററായി വീതി വര്‍ധിപ്പിക്കണം. വികസന പദ്ധതിക്കുവേണ്ടി 530 വീടുകളും 110 കടകളും കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണ് പദ്ധതി രേഖയിലുള്ളത്. എന്നാല്‍, ജലസേചന വകുപ്പിന്‍െറ സ്ഥലം ഇപ്പോള്‍ അന്യാധീനപ്പെട്ടുകഴിയുകയാണെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറയുന്നു. കനാല്‍ സ്ഥലമാണ് ഇപ്പോള്‍ ഇവിടെ റോഡായി ഉപയോഗിക്കുന്നത്. പദ്ധതി വരുമ്പോള്‍ സ്ഥലം നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് അടക്കമുള്ള വ്യവസ്ഥകള്‍ പദ്ധതി രേഖയില്‍ ഉണ്ട്. 1100 കോടിയില്‍ 500 കോടിയും പുനരധിവാസ പ്രക്രിയകള്‍ക്കുള്ളതാണ്. എന്നാല്‍, ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടം അടക്കമുള്ളവരും രംഗത്തിറങ്ങാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനകം 15 കോടിയോളം രൂപയാണ് കനാല്‍ നവീകരണത്തിന് വേണ്ടി ജലസേചന വകുപ്പ് വിനിയോഗിച്ചത്. തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ നഗരത്തിന്‍െറ കുപ്പത്തൊട്ടിയായി തുടരുകയാണ് കനാല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.