നൊമ്പരങ്ങള്‍ക്ക് അവധി നല്‍കി; സ്നേഹക്കൂട്ടമായി അവര്‍ ഒത്തുചേര്‍ന്നു

കൊടിയത്തൂര്‍: വര്‍ഷങ്ങളായി സ്വന്തം കിടക്കയും മുറിയും മാത്രം ലോകമായി കഴിച്ചുകൂട്ടിയവര്‍ക്ക് സന്തോഷത്തിന്‍െറയും പ്രതീക്ഷയുടെയും ശുഭനിമിഷങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ട് സ്നേഹക്കൂട്ടം സമാപിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തും കൊടിയത്തൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് അസോസിയേഷനും ചേര്‍ന്ന് ഒരുക്കിയ സംഗമത്തിലാണ് ദീര്‍ഘകാല രോഗികള്‍ പ്രതീക്ഷയുടെ പുതിയ ആകാശക്കാഴ്ചകള്‍ ആസ്വദിച്ചത്. എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന സ്നേഹക്കൂട്ടത്തില്‍ ഇത്തവണ രോഗികളും ബന്ധുക്കളും നാട്ടുകാരുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കഥ പറഞ്ഞും ഒപ്പന കളിച്ചും രോഗികളും വളന്‍റിയര്‍മാരും നാട്ടുകാരും സംഗമത്തെ ആഘോഷമാക്കി മാറ്റി. സൗത്ത് കൊടിയത്തൂര്‍ സ്കൂള്‍ അവതരിപ്പിച്ച മൊഞ്ചേറിയ ഒപ്പന ആഹ്ളാദത്തെ ഇരട്ടിയാക്കി. പാലിയേറ്റിവ് വളന്‍റിയര്‍മാര്‍, സ്റ്റുഡന്‍റ് പാലിയേറ്റിവ് വിങ്, ഐ.ഐ.കെ.എം സോഷ്യല്‍ വിങ്, പി.ടി.എം.എച്ച്.എസ്.എസിലെ എസ്.പി.സി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സംഗമം വിജയിപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ പത്തിന് കവി പി.കെ. ഗോപി പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ രാസിത്ത് അശോകന്‍, സാമൂഹിക പ്രവര്‍ത്തക ഷബ്ന പൊന്നാട് എന്നിവര്‍ തങ്ങളുടെ പ്രതിസന്ധിഘട്ടത്തെ നേരിട്ട അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ പല രോഗികള്‍ക്കും ആശ്വാസവും പ്രചോദനവുമായി ആ വാക്കുകള്‍. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി അബ്ദുല്ല, വൈസ് പ്രസിഡന്‍റ് സ്വപ്ന വിശ്വനാഥ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ചന്ദ്രന്‍, അംഗങ്ങളായ ബാപ്പു ചേറ്റൂര്‍, കെ.വി. അബ്ദുറഹ്മാന്‍, സാബിറ തറമ്മല്‍, സാറ ടീച്ചര്‍, കുന്ദമംഗലം ബ്ളോക്ക് വൈസ് പ്രസിഡന്‍റ് കെ.പി. അബ്ദുറഹ്മാന്‍, പാലിയേറ്റിവ് അസോസിയേഷന്‍ ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. യു.പി. നൗഷാദ്, കെ.ടി. മന്‍സൂര്‍, എ.പി. മുജീബ്, നാസര്‍ കൊളായി, കെ.പി.യു. അലി, റസാഖ് കൊടിയത്തൂര്‍, നിസാര്‍ അഹമ്മദ്, കെ. അബ്ദു സമദ്, ഷാനില്‍, ശിഹാബ്, ഷലീജ, റിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.