മാവൂര്‍: കുതിരാടം വളവ് നിവര്‍ത്താന്‍ നടപടിയില്ലാത്തതാണ് വെള്ളിയാഴ്ച രാവിലെ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇവിടെ അപകടമുണ്ടാകാന്‍ കാരണം. വളവ് നിവര്‍ത്താന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥരും കരാറുകാരനും മറ്റും ഒത്തുകളിച്ചപ്പോള്‍ വളവ് മാത്രം നിവര്‍ന്നില്ല. മാവൂര്‍-കെട്ടാങ്ങല്‍ റോഡിന്‍െറ വീതികൂട്ടുന്നതോടൊപ്പം കയറ്റിറക്കങ്ങള്‍ ലഘൂകരിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതനുസരിച്ചാണ് കരാര്‍ നല്‍കിയത്. എന്നാല്‍, നിര്‍ദേശങ്ങള്‍ മിക്കതും പാലിച്ചില്ല. അഞ്ചര മീറ്റര്‍ വീതിയിലാണ് ടാറിങ് നടത്താന്‍ നിര്‍ദേശമെങ്കിലും 3.75 മുതല്‍ അഞ്ച് മീറ്റര്‍ വരെ വീതിയിലാണ് ചെയ്തത്. റോഡ് കുത്തിപ്പൊളിച്ചിട്ട് വര്‍ഷങ്ങളോളം നാട്ടുകാരെ പ്രയാസപ്പെടുത്തിയായിരുന്നു പ്രവൃത്തി. ഇതില്‍ കുതിരാടത്തെ വളവ് നിവര്‍ത്താനുള്ള നിര്‍ദേശം പ്രധാനമായിരുന്നു. റോഡിന്‍െറ ഒരുവശത്തെ പാറക്കെട്ട് നീക്കി മണ്ണെടുത്തും മറുഭാഗത്ത് കീഴ്ക്കാംതൂക്കായ ഭാഗം കെട്ടിയുയര്‍ത്തി മണ്ണിട്ടുയര്‍ത്തിയും വീതികൂട്ടാനാണ് നിര്‍ദേശമുണ്ടായത്. ഇത് പാലിക്കാതെയാണ് പ്രവൃത്തി നടക്കുന്നതെന്നറിഞ്ഞ് നാട്ടുകാര്‍ രംഗത്തത്തെി. അടുവാട് മൈത്രി സ്വാശ്രയസംഘം സര്‍വേയറെ കൊണ്ടുവന്ന് അളന്ന് വീതികൂട്ടേണ്ട ഭാഗം തിട്ടപ്പെടുത്തിക്കൊടുത്തു. എന്നിട്ടും നടപടിയുണ്ടായില്ല. ചില ഉന്നത രാഷ്ട്രീയകേന്ദ്രങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടായെന്ന് ആരോപണവും ഉയര്‍ന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഓവര്‍സിയറെ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ്ചെയ്ത് റിമാന്‍ഡിലാക്കുകയുമാണ് ചെയ്തത്. പ്രവൃത്തിയിലെ അപാകത കാണിച്ച് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ കേസ് നടക്കുകയാണ്. പരാതിയുണ്ടായിട്ടും കരാറുകാരന് ആദ്യഘട്ടതുക നല്‍കിയതിന് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പെന്‍ഷനും ആനുകൂല്യവും നിഷേധിച്ചുള്ള നടപടി നേരിടുകയാണ്. കൂടാതെ, കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തി ശേഷിക്കുന്ന ബില്‍തുക തടയുകയും ചെയ്തു. കരാറനുസരിച്ച് പ്രവൃത്തി നടത്താത്തതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് പ്രതികരണമൊന്നും ഉയര്‍ന്നതുമില്ല. അതിനാല്‍ കൊടും വളവ് ഇപ്പോഴും നിരന്തര അപകടമേഖലയായി നിലനിന്നു. ചെറിയ അപകടങ്ങള്‍ നിരവധി നടന്നിട്ടുണ്ടെങ്കിലും അടുത്ത കാലത്തുണ്ടായ വലിയ അപകടമാണ് വെള്ളിയാഴ്ച ഉണ്ടായത്. രാവിലെയായതിനാല്‍ ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. സൗപര്‍ണിക ബസ് അമിതവേഗത്തിലായിരുന്നു ഓടിയതെന്ന് യാത്രക്കാര്‍ പറയുന്നു. അപകടകരമായ രീതിയിലാണ് ചിലയിടങ്ങളില്‍ ബസ് കടന്നുപോയതത്രേ. അപകടം നടന്നയുടന്‍ ഓട്ടോകളുമായത്തെിയ മാവൂരിലെ ഓട്ടോഡ്രൈവര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.