പൂനൂര്‍ പുഴ കൈയേറ്റം ഒഴിപ്പിക്കാന്‍ കൊടുവള്ളി നഗരസഭ പദ്ധതി തയാറാക്കുന്നു

കൊടുവള്ളി: നഗരസഭ പരിധിയിലെ പുഴ, പുറമ്പോക്ക് ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ കൊടുവള്ളിയില്‍ പ്രത്യേക പദ്ധതി രൂപവത്കരിക്കുന്നു. നഗരസഭയുടെ അധീനതയിലുള്ള പൂനൂര്‍ പുഴയുടെയും ചെറുപുഴയുടെയും ഇരുവശങ്ങളിലും സ്ഥലം കൈയേറി ഉപയോഗിക്കുന്നവരില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നതിന് നഗരസഭ പദ്ധതി തയാറാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി. മജീദ് അറിയിച്ചു. പൂനൂര്‍ പുഴയും ചെറുപുഴയും മണ്ണിട്ട് നികത്തി പുഴ നശിപ്പിക്കുന്നത് തടയാനുള്ള നടപടിയും പുതിയ പദ്ധതിയിലുണ്ടാകും. പദ്ധതിയിലൂടെ പുഴ പുറമ്പോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്തും. പുഴയില്‍നിന്നും പുഴയോരങ്ങളില്‍നിന്നും വ്യാപകമായി മണല്‍കടത്തിയതാണ് പ്രദേശത്തെ വരള്‍ച്ചയുടെ പ്രധാന കാരണം. ഇത് തടഞ്ഞ് സ്ഥലങ്ങള്‍ വീണ്ടെടുക്കുന്നതിന് പുതുതായി സര്‍വേ നടത്തി അതിരിട്ട് സംരക്ഷിക്കുന്നതിനും ആവശ്യമായ ഫണ്ട് നഗരസഭ സര്‍വേ വകുപ്പിന് നല്‍കും. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇത് പൂര്‍ത്തിയാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രണ്ട് പുഴകളും സംരക്ഷിക്കുന്നതിനും പ്രകൃതി സമ്പത്ത് നശിപ്പിക്കുന്നവരെ കണ്ടത്തെുന്നതിനും വിവരങ്ങള്‍ അറിയിക്കുന്നതിനും പ്രാദേശിക ജാഗ്രത സമിതികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും തീരുമാനമായി. വാവാട് കിഴക്കോത്ത്, പുത്തൂര്‍ കൊടുവള്ളി വില്ളേജ് ഓഫിസ് പരിധിയിലായി 220 ഏക്കറിലധികം ഭൂമിയാണ് പുഴ പുറമ്പോക്ക് ഭൂമിയായിട്ടുള്ളത്. ഇവ എവിടെയൊക്കെയാണെന്നോ ആരുടെ കൈവശമാണെന്നോ പറയാന്‍ നഗരസഭക്കോ റവന്യൂ വകുപ്പ് അധികൃതര്‍ക്കോ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ ഭൂമികള്‍ കൃഷി ആവശ്യത്തിനായി പാട്ടത്തിന് നല്‍കാന്‍ മാത്രമേ നിയമമുള്ളൂ എന്നിരിക്കെ പലയിടത്തും അധികൃതരുടെ ഒത്താശയോടെ പല തരത്തിലുമുള്ള കൈയേറ്റങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു. പൂനൂര്‍ പുഴ പൂര്‍ണമായും സര്‍വേ ചെയ്യണമെന്നാവശ്യപ്പെട്ട് പൂനൂര്‍ പുഴ സേവ് ഫോറവും കഴിഞ്ഞദിവസം റവന്യൂ വകുപ്പിന് കത്ത് നല്‍കിയിരുന്നു. പൂനൂര്‍ പുഴ സംരക്ഷിക്കുന്നതിന് പദ്ധതികള്‍ തയാറാക്കാന്‍ സി.ഡബ്ള്യു.ഡി.ആര്‍.ഡി.എം പഠനത്തിന് തുടക്കം കുറിച്ചിട്ടുമുണ്ട്. പ്രാഥമിക വിവരശേഖരണവും ഇതിന്‍െറ ഭാഗമായി കഴിഞ്ഞദിവസങ്ങളില്‍ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT