കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് സ്വമേധയാ വിട്ടുനല്‍കാത്തവരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കാന്‍ സമ്മതപത്രം നല്‍കാത്തവരെയും കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തവരെയും മറ്റ് കാരണങ്ങള്‍ കൊണ്ട് ഭൂമി നേരിട്ട് വാങ്ങാന്‍ സാധിക്കാത്തവരെയും ഉള്‍പ്പെടുത്തി പുതിയ അക്വിസിഷന്‍ നിയമ പ്രകാരമായിരിക്കും ഏറ്റെടുക്കല്‍. റോഡിന്‍െറ പരിധിയില്‍ വരുന്ന 200ഓളം ഉടമകളാണ് സ്ഥലം നല്‍കാനുള്ള സമ്മതപത്രം നല്‍കിയത്. ശേഷിക്കുന്നവരുടെ യോഗം ഫെബ്രുവരി 14 ന് വൈകീട്ട് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സമ്മതപത്രം നല്‍കാന്‍ കാലതാമസമുണ്ടാകുകയാണെങ്കില്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സമ്മതപത്രം നല്‍കിയവര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി മാസത്തില്‍ തന്നെ പണം നല്‍കും. പ്രമാണവും സ്ഥലപരിശോധനയും ത്വരിതപ്പെടുത്താന്‍ ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും തീരുമാനമായി. രണ്ടുവീതം സര്‍വയര്‍മാര്‍, റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍, ക്ളാര്‍ക്കുമാര്‍ എന്നിവരെയാണ് അധികമായി നിയോഗിക്കുന്നത്. രജിസ്ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് രജിസ്ട്രേഷന്‍ വകുപ്പിന്‍െറ സഹകരണം തേടാനും തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് മാര്‍ച്ച് അവസാനത്തോടെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജില്ല ഭരണകൂടം. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നടപടി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ മുഴുവന്‍ ഫണ്ടും ലഭ്യമാക്കാന്‍ ധനകാര്യവകുപ്പ് നേരത്തേ സന്നദ്ധത അറിയിച്ചതാണ്. മാര്‍ച്ച് അവസാനത്തിന് മുമ്പ് തുക സ്വീകരിക്കാന്‍ ആവശ്യമായ നടപടികളാണ് പൂര്‍ത്തിയാകാനുളളത്. ഭൂമി ഏറ്റെടുക്കുന്നതിന് ഫണ്ട് എത്രവേണമെങ്കിലും നല്‍കുന്നതിന് സര്‍ക്കാര്‍ തയാറാണെന്ന് എം.എല്‍.എ പറഞ്ഞു. ഫണ്ട് ലഭ്യമായാല്‍ ചെലവിടുന്ന കാര്യത്തില്‍ കാലതാമസമുണ്ടാകരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ച്ച് 31ന് മുമ്പ് ഘട്ടംഘട്ടമായി ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ഷെഡ്യൂള്‍ തയാറാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 15, മാര്‍ച്ച് 10, മാര്‍ച്ച് 30 എന്നിങ്ങനെ സമ്മതപത്രം സമര്‍പ്പിക്കുന്നവരെ ഉള്‍പ്പെടുത്തി ഫണ്ടിന് ആവശ്യപ്പെടാനാണ് തീരുമാനം. രേഖകള്‍ ജില്ല ഗവ. പ്ളീഡറുടെ പരിശോധനക്കായി അയക്കുന്നതിന് നഗരപാതാ വികസന പദ്ധതി (എല്‍.എ) സ്പെഷല്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. എ.ഡി.എം ടി. ജനില്‍കുമാര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പി.സി. ഹരികേശ്, ജില്ല ഗവ. പ്ളീഡര്‍ കെ.എന്‍. ജയകുമാര്‍, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.വി. രഘുരാജ്, പ്രോജക്ട് മാനേജര്‍ എ.പി. പ്രമോദ്, കോഓഡിനേറ്റര്‍ കെ. ലേഖ, സ്പെഷല്‍ തഹസില്‍ദാര്‍ പി. മുരളീധരന്‍ പിള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.