കാലിക്കറ്റ് സര്‍വകലാശാല: നീന്തല്‍ക്കുള സമുച്ചയ നിര്‍മാണം ക്രമക്കേട് ആരോപണം ഉയരുന്നു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ നീന്തല്‍ക്കുള നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണം. സര്‍വകലാശാലാ അധികൃതരുമായുള്ള തര്‍ക്കം കാരണം രൂപരേഖ തയാറാക്കിയ കണ്‍സള്‍ട്ടന്‍സി പദ്ധതിയില്‍നിന്ന് പിന്മാറി. ഇതേ തുടര്‍ന്ന്, ക്രമക്കേട് ആരോപണം അന്വേഷിക്കുന്നതിന് ഒ. അബ്ദുല്‍ അലി കണ്‍വീനറായ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു. ഒന്നരയേക്കറോളം വരുന്ന നീന്തല്‍ക്കുള സമുച്ചയത്തിന്‍െറ ഒന്നാം ഘട്ടമാണ് വിവാദത്തിലകപ്പെട്ടത്. 5.3കോടി ചെലവില്‍ പണിയുന്ന ആദ്യ ഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കാല്‍ഭാഗത്തിലധികം പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായ പി.സി. റഷീദ് ആന്‍ഡ് അസോസിയേറ്റ്സാണ് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയത്. തിരുവനന്തപുരം ആസ്ഥാനമായുള്ള ക്രസന്‍റ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ കരാര്‍. 25മീറ്റര്‍ നീളവും 15മീറ്റര്‍ വീതിയുമുള്ള വാം അപ് ഏരിയ, 50മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള ലാപ് പൂള്‍, 25മീറ്റര്‍ നീളവും വീതിയുമുള്ള ഡൈവിങ് പൂള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഒന്നാം ഘട്ടം. മൂന്നു ലക്ഷം ലിറ്റര്‍ ശേഷിയുള്ളതാണ് നീന്തല്‍ക്കുളം. കഴിഞ്ഞവര്‍ഷം ജൂണ്‍ ഒന്നിനാണ് മാസ്റ്റര്‍പ്ളാന്‍ അംഗീകരിച്ചത്. എന്നാല്‍, നിര്‍മാണ വേളയില്‍ രൂപരേഖ സര്‍വകലാശാല അധികൃതര്‍ സ്വന്തം നിലക്ക് മാറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്‍സള്‍ട്ടന്‍സി ഉടക്കിയത്. രൂപരേഖയില്‍ പല മാറ്റങ്ങളും വരുത്തിയതോടെ പദ്ധതിയില്‍നിന്ന് പിന്മാറുന്നതായി ചൂണ്ടിക്കാട്ടി കണ്‍സള്‍ട്ടന്‍സി വി.സിക്ക് കത്ത് നല്‍കി. നീന്തല്‍ക്കുളത്തിന്‍െറ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ളെന്നും കണ്‍സള്‍ട്ടന്‍സി കത്തില്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് വിഷയം അന്വേഷിക്കാന്‍ ഉപസമിതിയെ നിയോഗിച്ചത്. പ്രഥമദൃഷ്ട്യാ പദ്ധതിയില്‍ ക്രമക്കേട് ബോധ്യപ്പെട്ടതായും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അന്വേഷണ സമിതിയംഗം കെ.കെ. ഹനീഫ പറഞ്ഞു. നിരപ്പായ സ്ഥലത്ത് നിര്‍മിക്കേണ്ട നീന്തല്‍ക്കുളം രൂപരേഖയില്‍നിന്ന് മാറ്റി ചെങ്കുത്തായ ഭാഗത്തേക്ക് മാറ്റിയതിന്‍െറ കാരണം മനസ്സിലാവുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് രൂപരേഖയുടെ ചുമതല മാത്രമാണ് നല്‍കിയതെന്നും സൂപ്പര്‍വിഷന്‍ കരാര്‍ നല്‍കിയിട്ടില്ളെന്നും സര്‍വകലാശാല എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. രൂപരേഖയില്‍ മാറ്റം വരുത്താനുള്ള അധികാരം സര്‍വകലാശാലക്കുണ്ടെന്നും സാങ്കേതിക സമിതി പരിശോധിച്ചാണ് ഇതെല്ലാം ചെയ്തതെന്നും ഏതന്വേഷണത്തിനും തയാറാണെന്നും ജീവനക്കാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.