താമരശ്ശേരി: വികസന പദ്ധതികൾക്കുള്ള തുക മാറിക്കിട്ടുന്നതിന് ആവശ്യമായ അക്കൗണ്ട് കോഡ് ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി താമരശ്ശേരി ജില്ല ട്രഷറി ഓഫിസിൽ കുത്തിയിരിപ്പു സമരം നടത്തി. വിവിധ പദ്ധതികൾക്കുള്ള ബിൽ പാസാക്കുന്നതിന് ഓൺലൈൻ ട്രാൻസ്ഫർ നടത്താൻ ആവശ്യമായ ഡി.ഡി.ഒ കോഡ് താമരശ്ശേരി ട്രഷറി അധികൃതർ അനുവദിക്കാത്തത് കാരണം തുക മാറിക്കിട്ടുന്നില്ലെന്നും ഇതുകാരണം വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നു എന്നാരോപിച്ചാണ് മുരളി ശനിയാഴ്ച വൈകീട്ട് നാലരയോടെ താമരശ്ശേരി ജില്ല ട്രഷറി ഓഫിസിൽ കുത്തിയിരിപ്പു സമരം നടത്തിയത്. പ്രശ്നത്തിനു പരിഹാരമാവാതെ ഓഫിസ് വിട്ടുപോകില്ലെന്ന് മുരളി അധികൃതരെ അറിയിച്ചു. മാസങ്ങളായി താൻ ഇതിനുവേണ്ടി ട്രഷറി അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ തെൻറ അയൽപ്രദേശമായ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് നൽകിയ സൗകര്യം തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന് നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടിയോളം രൂപയുടെ വികസന പദ്ധതികൾ ഇതു കാരണം പാതിവഴിയിലാണെന്നും മുരളി പറഞ്ഞു. മുരളി ഓഫിസിൽനിന്ന് ഇറങ്ങില്ലെന്ന് ശഠിച്ചതോടെ ട്രഷറി അധികൃർ പൊലീസിനെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ എസ്.ഐ സായൂജ്കുമാർ മുരളിയുമായും ജില്ല ട്രഷറി ഡയറക്ടറുമായും ചർച്ച നടത്തിയതിനെ തുടർന്ന് അഞ്ചു ദിവസത്തിനകം പ്രശ്നത്തിനു പരിഹാരം കാണാമെന്ന ഉറപ്പിന്മേൽ വൈകീട്ട് ആറരയോടെയാണ് അദ്ദേഹം ഓഫിസിൽനിന്ന് ഇറങ്ങിയത്. എന്നാൽ, തങ്ങൾക്ക് പ്രസ്തുത കോഡ് നൽകാൻ അധികാരമില്ലെന്നും സർക്കാർ ഉത്തരവില്ലാതെ പ്രസ്തുത ഡി.ഡി.ഒ കോഡ് നൽകാൻ സാധിക്കില്ലെന്നും അസിസ്റ്റൻറ് ജില്ല ട്രഷറി ഓഫിസർ എ. സലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.