*പ്രശ്നം പരിഹരിച്ചത് വീതംവെപ്പിലൂടെ നാദാപുരം: ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റർ ചുമതലയേറ്റു. വൈസ് പ്രസിഡൻറായി കോൺഗ്രസിലെ സിന്ധു രയരോത്തും സ്ഥാനമേറ്റു. ഒഴിവുവന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തിനുവേണ്ടി ലീഗ് പഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററും ലീഗ് മണ്ഡലം വൈസ് പ്രസിഡൻറായ കെ.പി.സി. തങ്ങളും തമ്മിൽ തർക്കം രൂക്ഷമായതാണ് സത്യപ്രതിജ്ഞ നീളാൻ കാരണം. ഒടുവിൽ ജില്ല കമ്മിറ്റി ഇടപെട്ട് പ്രസിഡൻറ് സ്ഥാനം ഒന്നരവർഷം വീതം ഇരുവർക്കുമായി നൽകുകയായിരുന്നു. കഴിഞ്ഞ 30-ന് നിലവിലുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോൺഗ്രസിലെ പി.പി. സുരേഷ് കുമാറും വൈസ് പ്രസിഡൻറ് ലീഗിലെ എൻ.കെ. സാറയും യു.ഡി.എഫ് ധാരണപ്രകാരം രാജിവെച്ചതിനെ തുടർന്നാണ് സ്ഥാനങ്ങൾ ഒഴിവുവന്നത്. ലീഗിലെ തർക്കം കാരണം പ്രസിഡൻറിനെ നിശ്ചയിക്കാൻ കഴിയാതെ ഒരു മാസത്തോളം നീളുകയായിരുന്നു. തർക്കത്തെ തുടർന്ന് രണ്ടുവർഷം വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററും ഒരുവർഷം കെ.പി.സി. തങ്ങളും പ്രസിഡൻറാകാൻ മണ്ഡലം കമ്മിറ്റി ഇടപെട്ട് മാധ്യസ്ഥ്യം പറഞ്ഞെങ്കിലും കെ.പി.സി. തങ്ങൾ പക്ഷം അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് സ്ഥാനാരോഹണം വൈകിയത്. ചട്ടപ്രകാരം ഒരുമാസത്തിനുള്ളിൽ സ്ഥാനമേൽക്കണം. റിട്ടേണിങ് ഓഫിസര്‍ സുമ സത്യവാചകം ചൊല്ലിക്കൊടുത്തു. എൻ.കെ. മൂസ മാസ്റ്റർ, തൊടുവയില്‍ മഹമൂദ്, ബംഗ്ലത്ത് മുഹമ്മദ്, മണ്ടോടി ബഷീര്‍ മാസ്റ്റർ, തെങ്ങലക്കണ്ടി അബ്ദുല്ല, എം. സമീർ, യു.കെ. വിനോദ് കുമാർ, പി. രാമചന്ദ്രന്‍ മാസ്റ്റർ, അശോകന്‍ തൂണേരി, സി.കെ. ബഷീര്‍, വി.കെ. രജീഷ്, കാട്ടുമഠത്തില്‍ അബൂബക്കർ ഹാജി, ഒ.എം. മുസ്തഫ, എം.കെ. സമീര്‍, മെംബര്‍മാരായ കെ.പി.സി. തങ്ങള്‍, കെ. ചന്ദ്രിക, ജിമേഷ് മാസ്റ്റര്‍, പി. ഷാഹിന, രാജേഷ് കല്ലാട്ട്, സനീഷ് കിഴക്കയില്‍, സുജിത പ്രമോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.