*ജില്ലയിൽ 20ൽപരം ഫിഷ് ലാൻഡിങ് സെൻറർ ഉണ്ടായിരിക്കെ അഴിത്തലയിൽ വേണ്ടതുണ്ടോ എന്ന പരിശോധനയിൽ അധികൃതർ വടകര: അഴിത്തല ഫിഷ് ലാൻഡിങ് സെൻറർ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം നടക്കുന്നതായി ആക്ഷേപം. ഏറെക്കാലത്തെ മുറവിളിക്കുശേഷം അനുകൂലമായ നീക്കം വടകര നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം നടക്കുന്നത്. തൊട്ടടുത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ സാൻഡ്ബാങ്ക്സിന് സെൻറർ ഭീഷണിയാവുമെന്ന് ചൂണ്ടിക്കാണിച്ചാണ് നിർമാണ പ്രവൃത്തി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതത്രെ. ജില്ലയിൽ 20ൽപരം ഫിഷ് ലാൻഡിങ് സെൻറർ ഉണ്ടായിരിക്കെ അഴിത്തലയിൽ വേണ്ടതുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് ഡയറക്ടർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുകയാണിപ്പോൾ. ഇത് പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നാണ് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുൾപ്പെടെയുള്ള സംഘടനകളുടെ ആരോപണം. 14 വർഷം മുമ്പ് നഗരസഭയുണ്ടാക്കിയ ഫിഷ് ലാൻഡിങ് സെൻററിന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും പണം സംഭാവനയായി നൽകിയാണ് 50 സെൻറ് ഭൂമി വാങ്ങി അത്യാവശ്യസൗകര്യങ്ങൾ ഉണ്ടാക്കിയത്. എന്നാൽ, വള്ളം അടുപ്പിക്കാൻ സൗകര്യമില്ലാത്തതുകൊണ്ട് സെൻറർ ഉപയോഗിക്കാനാവുന്നില്ല. അടുത്ത കാലത്തായി നഗരസഭയുടെയും സംസ്ഥാന സർക്കാറിെൻറയും ഫണ്ട് ഉപയോഗിച്ച് നിലം കോൺക്രീറ്റ് ചെയ്യുന്നതുൾപ്പെടെ പണി നടത്തിയിരുന്നു. കഴിഞ്ഞ സർക്കാറിെൻറ ബജറ്റിൽ അനുവദിച്ച ഒന്നേമുക്കാൽ കോടി രൂപ ഉപയോഗിച്ച് ബാക്കിയുള്ള പ്രവൃത്തി നടത്താനിരിക്കെയാണ് സെൻററിനെതിരെ അധികൃതർ നീങ്ങുന്നത്. അഴിത്തല കടവ് കേന്ദ്രീകരിച്ച് ദിവസം നൂറിൽപരം വള്ളങ്ങളാണ് കടലിൽ പോകുന്നത്. ഈ കടവിലേക്ക് വാഹനസൗകര്യമില്ലാത്തതുകൊണ്ട് മത്സ്യം കയറ്റിഅയക്കാൻ റോഡ് വരെ തലച്ചുമടായി കൊണ്ടുവരുകയാണിപ്പോൾ. ഇത് വള്ളക്കാർക്കും കച്ചവടക്കാർക്കും പ്രയാസം സൃഷ്ടിക്കുകയാണ്. നിർദിഷ്ട ഫിഷ് ലാൻഡിങ് സെൻററിലേക്ക് റോഡ് പണിതതുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമാകും. ചുറ്റുമതിൽക്കെട്ടുള്ള സെൻററിൽ ഉപകരണങ്ങളും വള്ളങ്ങളുമെല്ലാം സുരക്ഷിതമായി സൂക്ഷിക്കാനും കഴിയും. നഗരസഭ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ വർഷങ്ങളായി കാത്തിരിക്കുന്ന അഴിത്തല ഫിഷ് ലാൻഡിങ് സെൻറർ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികളിൽനിന്ന് കടുത്ത പ്രതിഷേധമാണുയരുന്നത്. കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ അഴിത്തല ഫിഷ് ലാൻഡിങ് സെൻററിെൻറ പ്രവൃത്തി നിലച്ച സാഹചര്യത്തിൽ മതിയായ ഫണ്ട് വകയിരുത്തി പ്രവൃത്തി ആരംഭിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന ആവശ്യം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു. വാർഡ് കൗൺസിലർ പി. സഫിയയാണ് പ്രമേയം അവതരിപ്പിച്ചത്. ഈ നടപടി ഏറെ ആവേശപൂർവം മത്സ്യത്തൊഴിലാളികൾ നോക്കിനിൽക്കെയാണ് പുതിയ നീക്കം തിരിച്ചടിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.