ഡോ. സാബുവി​െൻറ വിയോഗം; നാടിന് നഷ്​ടമായത് ജനകീയ ഡോക്ടറെ

പേരാമ്പ്ര: രോഗിയുമായി എത്തുന്നവർ വീട്ടിൽ ഡോക്ടറെ കണ്ടില്ലെങ്കിൽ വളപ്പിൽ കൃഷിപ്പണി ചെയ്യുന്ന ആളോട് തിരക്കും. അപ്പോൾ അയാൾ ജോലി മതിയാക്കി വീട്ടിനകത്തേക്ക് പോകുമ്പോൾ ചികിത്സക്ക് വന്നവർ വിചാരിക്കുന്നത് അയാൾ ഡോക്ടറെ വിളിക്കാൻ പോവുകയാണെന്നാണ്. ഡോക്ടറുടെ മുറിയുടെ വാതിൽ തുറക്കുമ്പോഴാണ് ഞെട്ടുക. വളപ്പിൽ കൃഷിപ്പണി ചെയ്ത ആളുതന്നെയാണ് ഡോക്ടർ. കായണ്ണയിൽ വ്യാഴാഴ്ച അന്തരിച്ച ഡോ. സെബാസ്റ്റ്യ​െൻറ (ഡോ. സാബു) ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പേർക്കും ഈ അമളി പിണഞ്ഞിട്ടുണ്ട്. കായണ്ണയുടെ ജനകീയനായ ഈ ഡോക്ടർ വിടപറയുമ്പോൾ ഒരു ഗ്രാമം മുഴുവൻ ദുഃഖത്തിലാണ്. ആരോഗ്യവകുപ്പിൽ അഡീഷനൽ ഡയറക്ടറായി (വിജിലൻസ്) മൂന്നുമാസം മുമ്പാണ് ഇദ്ദേഹം വിരമിച്ചത്. ഗവ. ആശുപത്രികളിൽ നടക്കുന്ന അനീതികൾക്കെതിരെ ശക്തമായി നിലകൊണ്ട ഇദ്ദേഹത്തി​െൻറ മിന്നൽ പര്യടനം പല സർക്കാർ ആശുപത്രികളുടെയും പ്രവർത്തനം സുഗമമാക്കിയിരുന്നു. ഇടുക്കി സ്വദേശിയായ ഡോക്ടർ പെരുവണ്ണാമൂഴി പി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസറായാണ് ആതുരസേവനം തുടങ്ങിയത്. മേപ്പയൂർ ഉൾപ്പെടെയുള്ള പി.എച്ച്.സികളിൽ സേവനം ചെയ്ത ഡോ. സാബു കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സൂപ്രണ്ടായും കോഴിക്കോട് ഡെപ്യൂട്ടി ഡി.എം.ഒയായും സേവനമനുഷ്ഠിച്ചിരുന്നു. ലളിതജീവിതത്തി​െൻറ പര്യായമായിരുന്നു ഈ ഡോക്ടർ. കായണ്ണയിലെ ത​െൻറ വീടിനുവേണ്ട ചെങ്കൽ മുഴുവൻ മുകളിലെത്തിച്ചത് ഇദ്ദേഹം തന്നെയാണെന്നത് നാട്ടുകാർക്ക് കൗതുകമാണ്. എല്ലാതരം പച്ചക്കറികളും വീട്ടിൽ കൃഷി ചെയ്യും. ഏതു പാതിരാത്രിയിൽ രോഗികൾ വന്നു വിളിച്ചാലും ഡോക്ടർ സേവനസന്നദ്ധനായിരിക്കും. വില കുറഞ്ഞ മരുന്നാണ് ഇദ്ദേഹം നിർദേശിക്കുക. ഫീസും നിർബന്ധമില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ദിവസവും രാവിെല നടക്കാറുള്ള ഡോക്ടർ വ്യാഴാഴ്ച എഴുന്നേൽക്കാതായതോടെ ഭാര്യ വിളിച്ചപ്പോൾ മരിച്ചുകിടക്കുകയായിരുന്നു. ഡോക്ടറുടെ മരണമറിഞ്ഞ് നൂറുകണക്കിനാളുകളാണ് കായണ്ണയിലെ വീട്ടിലെത്തിയത്. വൈകീട്ട് അഞ്ചോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.