മുത്തലാഖ് ബിൽ സ്ത്രീവിരുദ്ധം -മുസ്ലിംലീഗ് കോഴിക്കോട്: മുത്തലാഖ് നിരോധനമെന്ന പേരില്‍ കേന്ദ്ര ഭരണകൂടം പാര്‍ലമെൻറില്‍ അവതരിപ്പിക്കാനിരിക്കുന്ന ബിൽ അപ്രായോഗികവും സ്ത്രീവിരുദ്ധവുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി. അനിവാര്യ ഘട്ടങ്ങളിലെ തലാഖും മുത്തലാഖും ഒന്നാക്കാനും ക്രിമിനല്‍ നിയമത്തിലേക്ക് മാറ്റാനുമാണ് ശ്രമം. വിവാഹമോചനത്തിനു ശേഷവും നിശ്ചിത കാലമെങ്കിലും സ്ത്രീ പുരുഷെൻറ സംരക്ഷണത്തിലാണ്. മുന്‍ ഭര്‍ത്താവിനെ ജയിലിലിടുമ്പോള്‍ ലക്ഷ്യംതന്നെ പാളിപ്പോകും. സിവില്‍ നിയമത്തെ ക്രിമിനല്‍ നിയമമാക്കുന്നതുള്‍പ്പെടെ മുന്‍വിധിയോടെയുള്ള സമീപനം ദുഷ്ടലാക്കോടെയാണ്. ഇക്കാര്യത്തില്‍ ഈ മാസം ഡല്‍ഹിയില്‍ നടക്കുന്ന മുസ്ലിംലീഗ് ദേശീയ സെക്രട്ടേറിയറ്റ് ചര്‍ച്ച നടത്തി മുന്നോട്ടുപോകുമെന്ന് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും വക്താവുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഫാഷിസ്റ്റ് വിരുദ്ധ ചേരിക്ക് രാജ്യത്ത് പുത്തനുണർവ് പകര്‍ന്നതായി പ്രവര്‍ത്തക സമിതി വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പ്രചാരണം നടത്തിയിട്ടും അദ്ദേഹത്തിെൻറ മണ്ഡലത്തില്‍പോലും ബി.ജെ.പി തോറ്റു. സംഘ്പരിവാറിനെതിരെ എല്ലാ മതേതര ജനാധിപത്യ കക്ഷികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന മുസ്‌ലിംലീഗ് നയം കൂടുതല്‍ പ്രസക്തമായതായും യോഗം വിലയിരുത്തി. സാങ്കേതികവിദ്യ ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്‍കൂട്ടി വിവരം നല്‍കാന്‍ കഴിയാത്തതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഗെയില്‍ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശ വാസികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. യോഗത്തില്‍ സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ദേശീയ ആനുകാലിക വിഷയങ്ങളും ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ദേശീയതലത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.