മിഠായിതെരുവിൽ മാറ്റത്തി​െൻറ മധുരം

കോഴിക്കോട്: ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ നവീകരിച്ച് മുഖംമിനുക്കിയ മിഠായിതെരുവ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. വൈകീട്ട് ഏഴിന് മാനാഞ്ചിറ സ്ക്വയറിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, യു.എ. ഖാദർ, എം.ജി.എസ്. നാരായണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. 6.26 കോടി ചെലവിലാണ് മിഠായിതെരുവ് നവീകരിച്ചത്. അടിക്കടി തീപിടിത്തങ്ങളും മറ്റും കാരണം തെരുവിൽ ആധുനിക സുരക്ഷാക്രമീകരണങ്ങളൊരുക്കണമെന്ന ചിന്തക്ക് 30 കൊല്ലത്തെ പഴക്കമുണ്ട്. വ്യാപാരികളാണ് ആശയം ആദ്യം മുന്നോട്ടുവെച്ചത്. 2017 ഫെബ്രുവരി 22ൽ തീപിടിത്തത്തെ തുടർന്നാണ് കോർപറേഷനും ജില്ല ഭരണകൂടവും ജനപ്രതിനിധികളും ചേർന്ന് മിഠായിതെരുവ് നവീകരിക്കാൻ തീരുമാനിച്ചത്. നവീകരണ പദ്ധതിയുടെ ഭാഗമായി തെരുവിലെ ഒമ്പത് സ്ഥലങ്ങളിൽ ഫയർ ഹൈഡ്രൻറ് വാൽവുകൾ സ്ഥാപിച്ചു. വൈദ്യുതി ലൈനുകളും ടെലിഫോൺ ലൈനുകളും ഭൂഗർഭ കേബിളുകളിൽ മാറ്റി സ്ഥാപിച്ചു. തെരുവിലെ ജലവിതരണത്തിനു ഉപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പുകൾ മാറ്റി. െഡ്രയ്നേജ് സംവിധാനം നവീകരിച്ച് പുതിയ ശുചിമുറികൾ സ്ഥാപിച്ചു. അലങ്കാരവിളക്കുകൾ ഒരുക്കി. തെരുവിലെത്തുന്നവർക്ക് വിശ്രമിക്കാൻ എസ്.കെ. സ്ക്വയറിൽ ഇരിപ്പിടങ്ങളും പ്രവേശന കവാടത്തിൽ എസ്.കെ. പൊെറ്റക്കാട്ടി​െൻറ തെരുവി​െൻറ കഥ പറയുന്ന ചുമർ ചിത്രങ്ങളും ഒരുക്കി. നിരീക്ഷണ കാമറകളും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കും. ഇതിലേക്കായി ഡോ. എം.കെ. മുനീർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് തുക ചെലവഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. നവീകരിച്ച തെരുവിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സഞ്ചരിക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഗികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആർകിടെക്ട് ആർ.കെ. രമേശാണ് തെരുവ് നവീകരണത്തിന് രൂപകൽപന നിർവഹിച്ചത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു വേണ്ടി ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ പ്രവൃത്തി നടത്തിയത്. ഉദ്ഘാടന ചടങ്ങിനു ശേഷം കോഴിക്കോടി​െൻറ പ്രിയ്യപ്പെട്ട കഥാകാരന്മാരും നാടക-സിനിമ പ്രവർത്തകരുമായ ഉറൂബ്, എസ്.കെ. പൊെറ്റക്കാട്ട്, വൈക്കം മുഹമ്മദ് ബഷീർ, കെ.ടി. മുഹമ്മദ്, എൻ.പി. മുഹമ്മദ്, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയവരെയും അവരുടെ കഥാപാത്രങ്ങളെയും ഓർമകളിലേക്ക് കൊണ്ടുവരുന്ന ദൃശ്യാവിഷ്കാരം അരങ്ങേറും. മന്ത്രി ടി.പി. രാമകൃഷ്ണൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, എ. പ്രദീപ് കുമാർ, എ.കെ. ശശീന്ദ്രൻ, വി.കെ.സി. മമ്മദ്കോയ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.