ബേപ്പൂർ: ഓഖി ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു. ബുധനാഴ്ച കാസർകോടിനടുത്ത് ഉൾക്കടലിൽനിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു. ഇതോടെ രണ്ടു ദിവസത്തെ തിരച്ചിലിൽ മൂന്ന് മൃതദേഹം ലഭിച്ചു. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ ലഭിക്കുന്ന മൃതദേഹങ്ങൾ മറൈൻ എൻഫോഴ്സ്മെൻറ് സഹായത്തോടുകൂടി ഏറ്റവും അടുത്ത തീരങ്ങളിലേക്കെത്തിക്കുകയാണ്. ബേപ്പൂരിൽനിന്ന് തിരച്ചിലിന് പുറപ്പെട്ട കേരള വ്യൂ എന്ന ബോട്ടിനാണ് കാസർകോട് ഭാഗത്തുനിന്ന് മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച കൊയിലാണ്ടി ഭാഗത്തുനിന്നും കാസർകോട് ഭാഗത്തുനിന്നുമുള്ള മൃതദേഹങ്ങൾ ബേപ്പൂർ ഹാർബറിൽനിന്നു പുറപ്പെട്ട അജ്മീർഷാ, ശരണം എന്നീ ബോട്ടുകൾക്കാണ് ലഭിച്ചത്. ബേപ്പൂരിൽനിന്ന് 22 ബോട്ടുകളാണ് ഉൾക്കടലിലെ തിരച്ചിലിന് പുറപ്പെട്ടത്. ബോട്ടുകൾക്ക് ആവശ്യമായ 3000 ലിറ്റർ ഡീസലും ഓരോ ബോട്ടിലെ തൊഴിലാളിക്കും ദിനബത്തയായി 800 രൂപയും ഫിഷറീസ് വകുപ്പ് നൽകിയിട്ടുണ്ട്. ഒരു ബോട്ടിൽ അഞ്ചു മത്സ്യത്തൊഴിലാളികൾ വീതമാണ് തിരച്ചിലിന് പുറപ്പെട്ടത്. തിരച്ചിലിന് പോയ ബോട്ടുകൾ വെള്ളി, ശനി ദിവസങ്ങളിലായി തിരിച്ചെത്തുമെന്നാണ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രത്യേക നിർദേശപ്രകാരമാണ് കേരളത്തിലെ ഹാർബറുകളിൽനിന്നായി 105 ബോട്ടുകൾ തിരച്ചിലിന് പുറപ്പെട്ടത്. മംഗലാപുരം തീരം വരെ തിരയാനാണ് നിർദേശം നൽകിയിട്ടുള്ളത്. കേരളതീരത്തുനിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ ദൂരത്തില്‍ നാലു ദിവസത്തെ തിരച്ചിലിനാണ് ഓൾ കേരള ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷനുമായും വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുമായും സർക്കാർ തീരുമാനിച്ചത്. മറൈൻ എൻഫോഴ്സ്മെൻറ് നേതൃത്വത്തിലാണ് മീൻപിടിത്ത ബോട്ടുകൾ ഉപയോഗിച്ചുള്ള തിരച്ചിൽ നടക്കുന്നത്. തിരച്ചിൽ ബോട്ടുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിെൻറ (സി.എം.എഫ്.ആർ.ഐ) നിരീക്ഷണ കപ്പൽ ഉൾക്കടലിൽ റോന്തുചുറ്റുന്നുണ്ട്. നാല് നോട്ടിക്കല്‍ മൈല്‍ പരസ്പരകലം പാലിച്ചായിരിക്കും തിരച്ചിൽ. മറൈന്‍ എന്ഫോഴ്സ്മെൻറിെൻറയും മത്സ്യവകുപ്പിെൻറയും ലീഡ് ബോട്ടുകളായിരിക്കും ഓരോ കേന്ദ്രത്തില്‍നിന്നും പുറപ്പെടുന്ന ബോട്ടുകളെ നിയന്ത്രിക്കുക. ഓരോ കേന്ദ്രത്തിെൻറയും മേല്‍നോട്ടം വഹിക്കാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരച്ചിലിനിടയില്‍ മത്സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ അവ ലീഡ് ബോട്ടില്‍ എത്തിക്കുകയും ഏറ്റവുമടുത്തുള്ള ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. മൃതശരീരങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ലീഡ് ബോട്ടില്‍ ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.