പേരാമ്പ്ര: കോടേരിച്ചാൽ പാറച്ചുവട്ടിലെ മുണ്ടക്കൽ നാരായണൻ നായരുടെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ സമീപത്തെ റബർതോട്ടത്തിൽ ടാപ്പിങ്ങിനെത്തിയവരാണ് പന്നിയെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴി വനപാലകരെത്തി കയർകുടുക്കിട്ട് പന്നിയെ കരക്കുകയറ്റി. എന്നാൽ, കുരുക്കഴിഞ്ഞ് കൂടിയവർക്കുനേരെ ചീറിയടുത്ത പന്നി മരത്തിലിടിച്ചു വീണ്ടും കിണറ്റിലേക്കു പതിച്ചു. കരക്കു കയറ്റിയാൽ ഇതിനെ പ്രദേശത്തു വിടരുതെന്നു നാട്ടുകാരിൽ ചിലർ ശഠിച്ചതോടെ ഉച്ചതിരിഞ്ഞാണ് വീണ്ടും രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനിടയിൽ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി പന്നിയെ വലയിലാക്കാനുള്ള ശ്രമത്തിനു നീക്കമുണ്ടായെങ്കിലും ബലമുള്ള വലയില്ലാത്തതിനാൽ ആ ശ്രമവും ഉപേക്ഷിച്ചു. പിന്നീട് വനപാലകരും ഫയർഫോഴ്സും ചേർന്ന് കയർകുരുക്കിൽ കിണറ്റിൽനിന്നു പുറത്തെടുത്ത് പ്രദേശത്തുനിന്ന് ഓടിച്ചുവിട്ടു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. ഷാജു, ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫിസർ ടി. ജാഫർ സാദിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.