പയ്യോളി: അന്താരാഷ്ട്ര കരകൗശലമേളക്ക് വ്യാഴാഴ്ച വൈകീട്ട് തിരിതെളിയുന്നതോടെ . മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമാക്കാൻ സംഘാടകർ അതിനൂതനമായ സംവിധാനങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയത്. കരകൗശല ഉൽപന്നങ്ങളുടെ വൈവിധ്യംകൊണ്ട് സന്ദർശകരെ ആകർഷിക്കുന്ന മേളയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്നും എല്ലാ ദിവസവും നടക്കും. കേരളത്തിെൻറ കരകൗശല പാരമ്പര്യത്തെ അനാവരണംചെയ്യുന്ന വിവിധ പരമ്പരാഗത കരകൗശല ഗ്രാമങ്ങളിലെ കരകൗശല വിദഗ്ധർ ഒരുക്കുന്ന പ്രത്യേക പവിലിയൻ 'കേരള കരകൗശല പൈതൃക ഗ്രാമവും' കടത്തനാടൻ കളരി പൈതൃകം അനാവരണം ചെയ്യുന്ന 'കളരി ഗ്രാമവും' കേരളത്തിലെ കൈത്തറി പൈതൃകങ്ങളെ വരച്ചുകാട്ടുന്ന കേരള കൈത്തറി ഗ്രാമവും മേളയിലെ ശ്രദ്ധാകേന്ദ്രമാവും. ആറന്മുള കണ്ണാടി നിർമിക്കുന്ന ആറന്മുള ഗ്രാമം, കൈതോല പായകൾ നിർമിക്കുന്ന തഴവ ഗ്രാമം, മൃദംഗം, മദ്ദളം എന്നിവ നിർമിക്കുന്ന പെരുവമ്പ ഗ്രാമം, കഥകളി ചമയങ്ങൾ തയാറാക്കുന്ന വെള്ളനേഴി ഗ്രാമം, കളിമൺ ഉൽപന്നങ്ങളുടെ നിലമ്പൂർ ഗ്രാമം, മരത്തടി ഉൽപന്നങ്ങളുടെ ചേർപ്പ് ഗ്രാമം, സങ്കര ലോഹ കരകൗശലങ്ങളുടെ കുഞ്ഞിമംഗലം ഗ്രാമം, കേരള കയർ ഗ്രാമം തുടങ്ങി വിവിധ കരകൗശല ഉൽപന്നങ്ങളുടെ പറുദീസയായി പൈതൃകഗ്രാമം പ്രദർശനം മാറും. ൈകത്തറി പൈതൃകങ്ങളായ ബാലരാമപുരം സാരി, കൂത്താമ്പുള്ളി സാരി, ചേന്ദമംഗലം ദോത്തി, പാലക്കാട് സെറ്റ്മുണ്ട്, കണ്ണൂർ ഫർണീഷിങ്സ്, കാസർകോട് സാരി എന്നിവയുടെ നിർമാണവും പ്രദർശനവും നടക്കും. കേന്ദ്ര-സാംസ്കാരിക വകുപ്പിനു കീഴിലുള്ള സൗത്ത് സോൺ കൾചറൽ സെൻറർ തഞ്ചാവൂരിെൻറ നേതൃത്വത്തിലുള്ള വൈവിധ്യമേറിയ കലാപരിപാടികളും ഒരുക്കുന്നുണ്ട്. 27 സംസ്ഥാനങ്ങളിൽനിന്നും ദക്ഷിണാഫ്രിക്ക, ഉഗാണ്ട, നേപ്പാൾ, ശ്രീലങ്ക എന്നീ വിദേശ രാജ്യങ്ങളിൽനിന്നുമുള്ള കരകൗശല വിദഗ്ധർ മേളയെ പ്രതിനിധാനംചെയ്യും. ദേശീയ, അന്തർദേശീയ പുരസ്കാര ജേതാക്കളായ 400ഒാളം കരകൗശല വിദഗ്ധരുടെ വ്യത്യസ്തമായ കലാസൃഷ്ടികൾ മേളയിൽ സന്ദർശകർക്ക് കരവിരുതിെൻറ പ്രത്യേക ലോകംതന്നെ കാഴ്ചവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.