കോഴിക്കോട്: മിഠായിതെരുവിൽ കുടുംബശ്രീയുടെ ബഗി കാറുകൾ എത്തുന്നു. ശനിയാഴ്ചത്തെ ഉദ്ഘാടന ചടങ്ങോടെയാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആറ് സീറ്റുള്ള രണ്ട് കാറുകളുടെ സർവിസ് ആരംഭിക്കുക. സംരംഭമെന്ന നിലയിലാണ് കുടുംബശ്രീ കാർ സർവിസ് തുടങ്ങുന്നത്. വിജയമെന്ന് കണ്ടാൽ കൂടുതൽ സർവിസ് ആരംഭിക്കും. ബംഗളൂരുവിൽനിന്ന് അടുത്ത ദിവസംതന്നെ വാഹനങ്ങളെത്തും. മിഠായിതെരുവ് പൈതൃക പദ്ധതി പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ബഗി കാറിൽ സഞ്ചരിച്ചാണ് തെരുവിെൻറ നവീകരണം കാണുക. തുടർന്നുള്ള ദിവസങ്ങളിൽ തുക ഇൗടാക്കിയാകും സർവിസ്. എന്നാൽ, തുകയെത്രയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് വിവരം. പ്രായമായവരെയും നടക്കാൻ ബുദ്ധിമുട്ടുള്ളവരെയും ലക്ഷ്യമിട്ടാണ് ബഗി കാർ സർവിസ്. ഉദ്ഘാടന ചടങ്ങ് വർണാഭമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിവരുകയാണെന്ന് ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു. മാനാഞ്ചിറ മൈതാനത്താണ് വേദി ഒരുക്കുക. സി.സി.ടി.വി കാമറകളും സംഗീത സംവിധാനങ്ങളും ഉദ്ഘാടനശേഷമാണ് പൂർത്തീകരിക്കുക. മറ്റു നവീകരണമെല്ലാം പൂർത്തിയായി. കഥകളി രൂപങ്ങൾ, ക്രിസ്മസ് അപ്പൂപ്പന്മാർ, വിവിധ കലാരൂപങ്ങൾ എന്നിവയും ദീപാലങ്കാരങ്ങളും ചടങ്ങിനെ മനോഹരമാക്കും. കിഡ്സൺ കോർണറിലെയടക്കം പാർക്കിങ് പ്ലാസകളുടെ പ്രവൃത്തി പെെട്ടന്ന് ആരംഭിക്കാനുള്ള നടപടി കൈക്കൊള്ളും. ചടങ്ങിനെത്തുന്ന മികച്ച ക്രിസ്മസ് അപ്പൂപ്പന് സമ്മാനം നൽകും. ശനിയാഴ്ച വൈകീട്ട് 4.30 മുതൽ 5.30 വരെ സ്പോർട്സ് കൗൺസിൽ ഹാളിൽ പേര് രജിസ്റ്റർ ചെയ്യുന്ന ക്രിസ്മസ് അപ്പൂപ്പന്മാർക്ക് മാത്രമായാണ് മത്സരം നടത്തുക. രാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിെൻറ തുടക്കത്തിൽ മൂന്ന് മിനിറ്റുള്ള മിഠായിതെരുവ് ചരിത്രം വ്യക്തമാക്കുന്ന വിഡിയോ പ്രദർശിപ്പിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻ നായർ, ഡോ. എം.ജി.എസ്. നാരായണൻ, യു.എ. ഖാദർ തുടങ്ങിയവരെ ആദരിക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ സംബന്ധിക്കും. തുടർന്ന് ആദ്യകാല നാടക പ്രവർത്തകരെയടക്കം അനുകരിക്കുന്ന ദൃശ്യവിരുന്നും ഒരുക്കും -കലക്ടർ പറഞ്ഞു. എ. പ്രദീപ്കുമാർ എം.എൽ.എ, ടൂറിസം വകുപ്പ് ജോയിൻറ് ഡയറക്ടർ സി.എൻ. അനിതകുമാരി, എ.ഡി.എം ടി. ജനിൽകുമാർ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.