ഗെയില്‍പദ്ധതിക്ക് ഉണ്ണികുളത്തെ ഒന്നരഏക്കര്‍ തണ്ണീര്‍തടം മണ്ണിട്ട്‌ മൂടുന്നു

* കുടിവെള്ളം മുട്ടിക്കുന്ന നടപടിക്കെതിരെ ജനരോഷം ശക്തം എകരൂല്‍: ഗെയില്‍ വാതകപൈപ്പ്ലൈന്‍ പദ്ധതിയുടെ ഭാഗമായി വാല്‍വ് സ്റ്റേഷന്‍ സ്ഥാപിക്കാൻ ഉണ്ണികുളത്ത് നികത്തുന്നത് ഡാറ്റാബാങ്കില്‍പെട്ട ഒന്നര ഏക്കര്‍ തണ്ണീര്‍തടം. അടിച്ചില്‍വയല്‍ തണ്ണീര്‍തടം അപ്രത്യക്ഷമാകുന്നതോടെ പ്രദേശത്തെ കുടിവെള്ളപ്രശ്നം രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കൊടുംവേനലില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് വികസനത്തി​െൻറ പേരില്‍ പ്രദേശത്തെ പ്രധാന തണ്ണീര്‍തടം മണ്ണിട്ട്‌ മൂടാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. കുടിവെള്ളപ്രശ്നം രൂക്ഷമായ പഞ്ചായത്താണ് ഉണ്ണികുളം. കൊടുംവേനലില്‍ ഗ്രാമപഞ്ചായത്തി​െൻറയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ഇവിടെ വെള്ളം വിതരണം ചെയ്യുന്നത്. കഴിഞ്ഞവേനലില്‍ മുസ്ലിം ലീഗ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ സംഘടനകള്‍ ജലദൗര്‍ലഭ്യമുള്ള ഗ്രാമങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ സംവിധാനമൊരുക്കിയിരുന്നു. നെല്‍വയല്‍ സംരക്ഷണനിയമത്തി​െൻറ പരിധിയില്‍ വരുന്നതാണ് ഇവിടത്തെ തണ്ണീര്‍തടം. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്, കൃഷി ഓഫിസര്‍ തുടങ്ങിയവര്‍ അംഗങ്ങളായ പ്രാദേശിക തണ്ണീര്‍തട നിരീക്ഷണസമിതി മണ്ണിട്ട് നികത്തുന്നതിന് അനുമതി നൽകാന്‍ വിസമ്മതിക്കുകയായിരുന്നു. അനുമതി നല്‍കാത്തതിനെതുടര്‍ന്ന്‍ നിരീക്ഷണസമിതി അംഗങ്ങളായ സര്‍ക്കാർ ഉദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരില്‍നിന്ന്‍ ശക്തമായ സമ്മർദമാണ് നേരിടേണ്ടിവന്നത്. നിരവധി പാടശേഖരങ്ങളും കുടിവെള്ള പദ്ധതികളുമുള്ള പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമാക്കാന്‍ വയല്‍നികത്തല്‍ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാലാവസ്‌ഥവ്യതിയാനവും മഴയുടെ ലഭ്യതക്കുറവും മൂലം കിണറുകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. പ്രദേശത്തെ തണ്ണീർത്തടങ്ങൾ കൂടി മണ്ണിട്ടുമൂടിയാൽ വേനൽ ആരംഭത്തിൽ തന്നെ ശുദ്ധജലക്ഷാമം അനുഭവപ്പെടുമെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു. ഞായറാഴ്ച രാവിലെ മുതലാണ് ടിപ്പർലോറിയിൽ മണ്ണ് കൊണ്ടുവന്നിട്ട് തണ്ണീർതടം നികത്താന്‍ തുടങ്ങിയത്. വയൽനികത്താന്‍ റവന്യൂ അധികാരികളുടെ അനുമതിപത്രം ഇല്ലാതെയാണ് അവധിദിവസത്തില്‍ ഗെയില്‍ അധികൃതര്‍ തൊഴിലാളികളുമായി എത്തിയത്. ജനങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് എത്തിയാണ് പ്രവൃത്തി നിര്‍ത്തിവെച്ചത്. നെല്‍വയലുകളെയും നീര്‍തടങ്ങളെയും അനിയന്ത്രിതമായ നികത്തലുകളില്‍നിന്നും രൂപാന്തരപ്പെടുത്തലുകളില്‍നിന്നും സംരക്ഷിക്കുന്നതിന് ഇടതുസർക്കാര്‍ കൊണ്ടുവന്ന നെൽവയൽ -നീർത്തട സംരക്ഷണനിയമം കുത്തകകള്‍ക്കുവേണ്ടി അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. തണ്ണീര്‍തടം സംരക്ഷിക്കുന്നതിന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഉണ്ണികുളത്ത് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.