മാവൂർ: പെരുവയലിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി ഇരുചക്രവാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം നാടിനെ നടുക്കി. അപകടത്തിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്നോ ആരൊക്കെ മരിച്ചെന്നോ അറിയാതെ ഏറെനേരം ആശങ്ക നിലനിന്നു. സൈക്കിൾ യാത്രക്കാരൻ ശിവദാസനെയും (59) സ്കൂട്ടർ യാത്രക്കാരായ സുഗതൻ (65), ഭാര്യ ചന്ദ്രിക (60) എന്നിവരെയുമാണ് ആദ്യം ആശുപത്രിയിലേക്ക് നീക്കിയത്. സ്കൂട്ടറിൽ ഇടിച്ച ശേഷം ടിപ്പർ േലാറി എതിർദിശയിൽവന്ന ബുള്ളറ്റും സൈക്കിളും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിലത്തുവീണ ചന്ദ്രികയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചന്ദ്രിക വൈകീട്ടാണ് മരിച്ചത്. സമീപത്ത് കെട്ടിടത്തിലും മറ്റും പണിയിലേർപ്പെട്ടവരും ഒാടിക്കൂടിയ നാട്ടുകാരുമാണ് എല്ലാവരെയും ആശുപത്രിയിലെത്തിച്ചത്. ബൈക്കിനോടൊപ്പം ടിപ്പറിനടിയിൽപെട്ട ദിപിനെ (27) മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നശേഷമാണ് പുറത്തെടുത്തത്. അപകടത്തിൽ കൂടുതൽപേർ പെട്ടിട്ടുണ്ടോയെന്ന ആശങ്ക ഉയർന്നതിനെ തുടർന്ന് പൊലീസും നാട്ടുകാരും പരിസരത്ത് തിരച്ചിൽ നടത്തി. തൊട്ടടുത്ത് കുറ്റിക്കാടും പടർപ്പുകളും നിറഞ്ഞ സ്ഥലത്താണ് തിരച്ചിൽ നടത്തിയത്. കൂടുതൽ പേർ അപകടത്തിൽ െപട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തിരച്ചിൽ നിർത്തിയത്. ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനങ്ങളെല്ലാം പൂർണമായി തകർന്നു. സൈക്കിളും സ്കൂട്ടറും സമീപത്തെ ഒാവുചാലിൽ തകർന്ന് കൂടിച്ചേർന്നാണ് കിടന്നിരുന്നത്. ഉച്ചഭക്ഷണം കഴിക്കാൻ പോകുകയായിരുന്ന ശിവദാസൻ വീടിന് ഏതാണ്ട് 100 മീറ്റർ അകലെവെച്ചാണ് അപകടത്തിൽപ്പെടുന്നത്. സ്ഥിരമായി സൈക്കിളിലാണ് ശിവദാസൻ യാത്ര ചെയ്യാറുള്ളത്. വൈദ്യുതി തൂണിന് താങ്ങായി നൽകിയ കാൽ അപകടത്തിൽ നിലംപൊത്തി. എച്ച്.ടി ലൈൻ തൂൺ തകർന്നതിനാൽ സംഭവം നടന്ന ഉടൻ വൈദ്യുതി വിച്ഛേദിച്ചിരുന്നു. വൈകീേട്ടാടെ തൂൺ പുനഃസ്ഥാപിച്ചു. അപകടമേഖലയായി പെരുവയൽ മാവൂർ: വളവും തിരിവുമില്ലാത്ത റോഡായതിനാൽ വാഹനങ്ങൾ ചീറിപ്പായുന്ന ഭാഗത്താണ് ശനിയാഴ്ച അപകടമുണ്ടായത്. ചെറൂപ്പ ജനത സ്റ്റോപ്പ് മുതൽ പെരുവയൽ അങ്ങാടിയെത്തുന്നതുവരെ റോഡ് നേർരേഖയിലാണ്. അതിനാൽ, വാഹനങ്ങൾ അമിത വേഗത്തിലാണ് ഒാടാറുള്ളത്. മുമ്പും നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. റോഡിെൻറ ഇരുഭാഗത്തും ജപ്പാൻ കുടിവെള്ള പദ്ധതിക്കായി കൊണ്ടുവന്ന പൈപ്പുകൾ കൂട്ടിയിട്ടിട്ടുണ്ട്. അതിനാൽ, കാൽനടയാത്രക്കാർ റോഡിൽ കയറി നടക്കേണ്ട സ്ഥിതിയാണ്. ഇൗ പൈപ്പുകൾ മാറ്റണമെന്ന ആവശ്യം നിരന്തരം ഉയരുന്നതാണ്. എന്നാൽ, ഏതാനും പൈപ്പുകൾ മാത്രമാണ് എടുത്തുമാറ്റിയത്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.