ഓഖി: കടലിൽ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചില്‍ വീണ്ടും ഊർജിതമാക്കി

ബേപ്പൂർ: ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും ഊർജിതമാക്കി. ശനിയാഴ്ച ബേപ്പൂർ തീര അതിർത്തിയിൽനിന്ന് രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തിയ സാഹചര്യത്തിലാണിത്. നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡി​െൻറയും നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. ഓഖി ചുഴലിക്കാറ്റിൽപെട്ട് കടലില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങളാണ് നേവി കപ്പലിൽനിന്ന് മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം ഇന്നലെ വൈകീട്ട് ഉൾക്കടലിൽനിന്ന് ഏറ്റുവാങ്ങി ബേപ്പൂര്‍ തീരത്തെത്തിച്ചത്. പുറംകടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാവികസേനയുടെ ഐ.എൻ.എസ് സുഭദ്ര എന്ന കപ്പല്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുറംകടലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാവികസേന തിരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. കൊച്ചിയിലും കോഴിക്കോടും ബേപ്പൂരും ലക്ഷദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലുമാണ് തിരച്ചില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഒന്ന് തിരിച്ചറിഞ്ഞിരുന്നു. കപ്പല്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍ ഓഖി ദുരന്തത്തില്‍ കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും മരിച്ചവരുടെ മൃതദേഹം കരയിലെത്തിക്കുന്നതിനും കപ്പലുകളുപയോഗിച്ചുള്ള തിരച്ചില്‍ പത്തു ദിവസം കൂടി തുടരണമെന്നാണ് നാവികസേന, തീരദേശ സേന, വ്യോമസേന എന്നീ വിഭാഗങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. നാവികസേനയും തീരദേശ സേനയും ആവശ്യമായ കപ്പലുകള്‍ ഉപയോഗിച്ച് ആഴക്കടലില്‍ തിരച്ചില്‍ നടത്തണമെന്നും നിർദേശമുണ്ട്. കപ്പലിന് പുറമെ തിരച്ചിലിനായി ഉപയോഗിക്കുന്ന ബോട്ടുകളിലും ചെറുവള്ളങ്ങളിലും മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണം. തീരദേശ സേനയും നാവികസേനയും ആവശ്യപ്പെട്ടാല്‍ ഭരണതലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ തിരച്ചിലിന് പോകുന്ന കപ്പലില്‍ അയക്കണമെന്നും നിർദേശമുണ്ട്. വിവിധ ജില്ലകളിലെ തീരങ്ങളിൽ രക്ഷപ്പെടുത്തുന്നവര്‍ക്ക് ചികിത്സ നല്‍കുന്നതിനും കണ്ടെത്തുന്ന മൃതദേഹം സൂക്ഷിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ, കേരള തീരത്ത് വീണ്ടും തിരമാലകള്‍ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. 2.5 മുതല്‍ 2.7 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. സമുദ്ര വിവരകേന്ദ്രം അറിയിച്ചതാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.