ലോറികളുടെ തൂക്കം തിട്ടപ്പെടുത്താനുള്ള സംവിധാനമില്ല ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിലൂടെ 25 ടണ്ണിലധികം ഭാരമുള്ള ലോറികൾ നിരോധിച്ചുള്ള കലക്ടറുടെ ഉത്തരവ് പാളുന്നു. ചുരത്തിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ചരക്കു ലോറികളുടെ തൂക്കം തിട്ടപ്പെടുത്താനുള്ള സംവിധാനമില്ലാത്തതാണ് പ്രശ്നം. 2012ൽ ഡോ. സലീം ജില്ല കലക്ടറായിരുന്ന കാലത്തുതന്നെ ഈ നിരോധനം നിലവിൽവന്നതാണ്. തുടക്കത്തിൽ ഉൗർജസ്വലതയോടെ നടപ്പിലാക്കിയ നിയന്ത്രണം കാലക്രമേണ കാലഹരണപ്പെട്ട അവസ്ഥയിലായി. ഇപ്പോൾ ഗതാഗത സ്തംഭനം അതിരൂക്ഷമാകുകയും മണിക്കൂറുകളോളം ചുരത്തിൽ യാത്രക്കാർ കുടുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പഴയ നിയന്ത്രണം പൊടിതട്ടിയെടുത്തത്. ഉത്തരവിറങ്ങിയെങ്കിലും അവയൊന്നും വകവെക്കാതെ അമിത ഭാരം കയറ്റിവരുന്ന ലോറികൾ ചുരത്തിലൂടെ നിർബാധം പോകുന്നുണ്ട്. മൾട്ടി ആക്സിൽ ലോറി 16 ടൺ ചരക്കേ കയറ്റാൻ പാടുള്ളൂ. എന്നാൽ, ക്വാറി ഉൽപന്നങ്ങളായ മെറ്റൽ, എംസാൻഡ് തുടങ്ങിയവ 35 മുതൽ 40 ടൺ വരെ കയറ്റിയാണ് പോകുന്നത്. തൂക്കം നോക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ട് ട്രാഫിക് പൊലീസിന് ഇവരെ തടയാനാകുന്നില്ല. ഇത്തരം ലോറികൾ ഹെയർപിൻ വളവുകളിൽ വലിമുട്ടി മുന്നോട്ടും പിന്നോട്ടും ആഞ്ഞെടുക്കുമ്പോൾ റോഡ് തകരുകയും ചെയ്യുന്നു. മാത്രവുമല്ല, ഇങ്ങനെ തിരിയുമ്പോൾ ഭാരത്തിെൻറ മൂന്നിരട്ടി മർദം റോഡിൽ പതിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ലക്കിടിയിലും അടിവാരത്തും വെയിങ് മെഷീൻ സ്ഥാപിച്ചാൽ മാത്രമേ ചുരത്തിലൂടെ മിതഭാരം കയറ്റിവരുന്ന വാഹനങ്ങൾ തടയാനാകൂ. ജിയോളജി വകുപ്പിന് ജാഗ്രത വേണം ഈങ്ങാപ്പുഴ: അംഗീകൃത ക്വാറികളിൽനിന്ന് ഉൽപന്നങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്നത് ജിയോളജി വകുപ്പ് നൽകുന്ന പെർമിറ്റുമായാണ്. ക്വാറിയിൽനിന്ന് കയറ്റുന്ന ഓരോ ടൺ ഉൽപന്നങ്ങൾക്കും സർക്കാറിലേക്ക് നികുതി അടക്കണം. മൾട്ടി ആക്സിൽ ലോറിയിൽ പരമാവധി കയറ്റാവുന്നത് 16 ടണ്ണാണ്. 35 മുതൽ 40 ടൺ വരെ കയറ്റിപ്പോകുന്ന ലോറികൾ 16 ടണ്ണിെൻറ പെർമിറ്റുമായാണ് പോകുന്നത്. ഈ വകയിൽതന്നെ സർക്കാറിന് വൻതോതിൽ വരുമാന നഷ്ടമുണ്ട്. ക്വാറികളിൽനിന്ന് കയറ്റിപ്പോകുന്ന ഉൽപന്നങ്ങളുടെ കൃത്യമായ കണക്ക് നിരീക്ഷിക്കേണ്ടത് ജിയോളജി വകുപ്പിെൻറ ചുമതലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.