കടലുണ്ടി: കടലാക്രമണത്തിെൻറ കെടുതിയിലായ പ്രദേശങ്ങളിലും പുനരധിവാസ ക്യാമ്പുകളിലും കലക്ടർ യു.വി. ജോസ്, എം.കെ. രാഘവൻ എം.പി എന്നിവർ ഞായറാഴ്ച സന്ദർശനം നടത്തി. വാക്കടവ്, ബൈത്താനി നഗർ, കപ്പലങ്ങാടി തുടങ്ങി തീര ജീവിതം ദുസ്സഹമായ ഭാഗങ്ങളിലാണ് കലക്ടർ സന്ദർശനം നടത്തിയത്. പുനരധിവാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന അൽഹുദ സ്കൂൾ, ഹോപ്ഷോർ സ്കൂൾ, ബൈത്താനി മദ്റസ, കപ്പലങ്ങാടി അംഗൻവാടി എന്നിവിടങ്ങളും സന്ദർശിച്ചു. എന്നാൽ, ഇതിനിടെ തങ്ങളുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രദേശവാസികൾ ചാലിയം - -കടലുണ്ടിക്കടവ് റോഡ് വാക്കടവ് ഭാഗത്ത് ഉപരോധിച്ചു. ഇത് ചെറിയ തോതിൽ അസ്വസ്ഥതക്കിടയാക്കി. ഏറെനേരം ഗതാഗത സ്തംഭനത്തിനും ഉപരോധം കാരണമായി. പ്രശ്ന പരിഹാരത്തിന് കലക്ടറുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനിടെയുള്ള ഉപരോധത്തെ ചിലയാളുകൾ എതിർത്തതാണ് അസ്വാരസ്യത്തിനിടയാക്കിയത്. എങ്കിലും സമരം സമാധാനപരമായി അവസാനിപ്പിച്ചു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളോട് അനുഭാവപൂർവമുള്ള സമീപനം കലക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതായി ഉപരോധത്തിന് നേതൃത്വം നൽകിയ വാർഡ് അംഗം അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ് പറഞ്ഞു. മതിയായ വീതിയിലും ഉയരത്തിലും കടൽഭിത്തി പണിത് തങ്ങൾക്ക് ഭീതി കൂടാതെ ജീവിക്കാൻ അവസരമുണ്ടാക്കണമെന്ന് പ്രദേശവാസികൾ കലക്ടറോട് ആവശ്യപ്പെട്ടു. ശക്തമായ തിരമാലകൾ തങ്ങളുടെ കിണറുകളിൽ കടൽവെള്ളം നിറച്ചിരിക്കയാണ്. ഇത് ശുദ്ധീകരിക്കുകയും കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യണം. പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി കലക്ടർ കലക്ടറേറ്റിൽ തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ജനപ്രതിനിധികളടക്കമുള്ളവർ 10 മണിക്ക് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും. കടൽക്ഷോഭം ശക്തമായ കഴിഞ്ഞ രാത്രി മുതൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, വൈസ് പ്രസിഡൻറ് എം. നിഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ, ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, റവന്യൂ ഉദ്യോഗസ്ഥരായ ഇരുമ്പയിൽ പ്രകാശൻ, വില്ലേജ് ഓഫിസർ കെ. സദാശിവൻ എന്നിവരും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.