കുടുംബത്തെ മഹല്ല് കമ്മിറ്റി ഊരുവിലക്കിയതായി പരാതി

മാനന്തവാടി-: സമുദായത്തിലെ ഇതര വിഭാഗത്തിൽപ്പെട്ടയാള്‍ക്ക് മകളെ വിവാഹം ചെയ്തു നല്‍കിയതി​െൻറ പേരില്‍ ഒരുവര്‍ഷമായി കുടുംബത്തെ ഊരുവിലക്കിയതായി പരാതി. കാട്ടിക്കുളം ഇടയൂർക്കുന്ന് കരിക്കുഴില്‍ വീട്ടില്‍ ബഷീറും കുടുംബവുമാണ് തങ്ങളെ ഇടയൂര്‍ക്കുന്ന് സുന്നി ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ഊരുവിലക്കിയതായി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചത്. 35 വര്‍ഷത്തോളം ഇൗ ജുമാമസ്ജിദ് പരിധിയില്‍ താമസിക്കുന്ന കുടുംബത്തെ 2016 നവംബര്‍ മുതലാണ് ഊരുവിലക്കിയത്. ബഷീറി​െൻറ മകളെ സുന്നിയല്ലാത്ത വരന് വിവാഹം ചെയ്തു നല്‍കിയതാണ് ഇതിനു കാരണമത്രേ. വിവാഹത്തിനു മഹല്ല് കമ്മിറ്റി ഭാരവാഹികളെയും നാട്ടുകാരെയും ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നത് മഹല്ല് മുന്‍കൈയെടുത്ത് വിലക്കുകയായിരുന്നു. പിന്നീട്, മഹല്ല് സംബന്ധമായ ഒരു കാര്യങ്ങളും അറിയിക്കുകയോ വരിസംഖ്യ സ്വീകരിക്കുകയോ ചെയ്തില്ല. ഊരുവിലക്കി​െൻറ കാരണമറിയാന്‍ കമ്മിറ്റിക്കു തപാല്‍ മുഖേന കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. കഴിഞ്ഞദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനായി പോയെങ്കിലും നിയോജക മണ്ഡലം എം.എല്‍.എയുടെ ഡ്രൈവര്‍ കൂടിയായ മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി പിടിച്ചു പുറത്താക്കിയതായും ബഷീര്‍ ആരോപിച്ചു. മറ്റൊരു മഹല്ലിലേക്ക് മാറാൻ നിലവിലെ മഹല്ല് കമ്മിറ്റിയുടെ ക്ലിയറന്‍സ് ആവശ്യമാണെന്നിരിക്കെ ഇതുനല്‍കാനും തയാറാവുന്നില്ലെന്ന് അവര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് വഖഫ്‌ ബോര്‍ഡ് ചെയര്‍മാന് സമർപ്പിച്ച പരാതിയുടെ പകര്‍പ്പും മഹല്ല് കമ്മിറ്റിയോട് കാരണം ചോദിച്ചെഴുതിയ കത്തും വാര്‍ത്തസമ്മേളനത്തില്‍ ഹാജരാക്കി. ബഷീറിനു പുറമെ ബന്ധുക്കളായ കെ.കെ. യൂസുഫ്, കെ.കെ. ഖദീജ, ടി.ഡി. ഖദീജ, ടി. നൗഷാദ്, ടി.സി. മുഹമ്മദ് യാസീൻ, ടി. മുഹമ്മദ് എന്നിവരും വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു. അതേസമയം ഊരുവിലക്കിനെക്കുറിച്ച് പ്രതികരിക്കാൻ മഹല്ല് ഭാരവാഹികൾ തയാറായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.