കോഴിക്കോട്: ഒാണം കഴിഞ്ഞ് സെപ്റ്റംബർ ആദ്യവാരംതന്നെ കെ.എസ്.ആർ.ടി.സിയുടെ ഭരണവിഭാഗം ഒാഫിസുകൾ പാവങ്ങാട്ടുനിന്ന് മാവൂർറോഡ് കെ.എസ്.ആർ.ടി.സി ടെർമിനലിലേക്കു മാറുന്നു. ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമസഭ സമ്മേളനത്തിലായതിനാലാണ് ഉദ്ഘാടനം വൈകുന്നത്. അദ്ദേഹത്തിന് സൗകര്യപ്രദമായ തീയതി ഒാണം കഴിഞ്ഞയുടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. രണ്ടുവർഷം മുമ്പ് ടെർമിനൽ മാവൂർറോഡിൽ പ്രവർത്തനം തുടങ്ങിയെങ്കിലും ഒാഫിസ് പണി പൂർത്തിയാകാത്തതിനാൽ ഒാഫിസുകൾ പാവങ്ങാട്ടായിരുന്നു പ്രവർത്തിച്ചുവന്നിരുന്നത്. ടിക്കറ്റ് എൻകാഷ്, ഒാഡിറ്റ് വിഭാഗം എന്നിവ ഉൾപ്പെടെ പാവങ്ങാട്ട് പ്രവർത്തിക്കുന്ന മുഴുവൻ ഒാഫിസുകളും കെ.എസ്.ആർ.ടി.സി ടെർമിനലിലേക്കു മാറും. ഇനിനായി ഒാഫിസ് സാമഗ്രികൾ മറ്റുന്നതിന് ക്വേട്ടഷൻ നൽകിക്കഴിഞ്ഞു. ഇപ്പോൾ പുതിയ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സോണൽ ഒാഫിസ്, സ്ക്വാഡ് വിങ് എന്നിവയും ഒാഫിസ് മാറ്റത്തിൽ ഉൾപ്പെടും. ഇപ്പോൾ കോർപറേഷന് വാടക കൊടുത്താണ് ഇവ പ്രവർത്തിക്കുന്നത്. ഇതോടൊപ്പം മെക്കാനിക്കൽ വിഭാഗവും ഏറക്കുറെ പുതിയ ടെർമിനലിലേക്കു മാറും. പുതിയ ടെർമിനലിൽ സജ്ജീകരിക്കുന്ന മെക്കാനിക്കൽ വർക്ഷോപ്പിനു വേണ്ടി ത്രീഫേസ് ലഭ്യമാകേണ്ടതുണ്ട്. അത് ഉടൻ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. വർക്ക്േഷാപ്പുകൾ സിറ്റിയിലേക്ക് മാറിയാൽ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറയുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോൾ ചെറിയ തകരാറുകൾ പരിഹരിക്കാൻ വരെ വണ്ടികൾ പാവങ്ങാട് വർക്ക്ഷോപ്പിലെത്തിക്കുകയാണ്. എന്നാൽ, പാവങ്ങാട്ടുള്ള യാർഡ് ഒഴിവാക്കാനിടയില്ല. കാരണം, കോഴിക്കോട് ഡിപ്പോയിലെ എല്ലാ ബസുകളും നിർത്തിയിടാൻ മാവൂർ റോഡ് സ്റ്റാൻഡിൽ സൗകര്യമില്ല. കുറച്ചു വണ്ടികൾ കോർപറേഷൻ പുതിയ ബസ്സ്റ്റാൻഡിൽ നിർത്തിയിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.