ചെ ന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ 'വേദനിലയം' ചരിത്രസ്മാരകമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയയുടെ സഹോദര പുത്രി ദീപ ജയകുമാർ. പോയസ് ഗാർഡൻ അടക്കമുള്ള ജയലളിതയുടെ സ്വത്തുക്കൾക്ക് മുകളിൽ തനിക്ക് ധാർമികവും നിയമപരവുമായ അധികാരമുണ്ടെന്നും ഇതേക്കുറിച്ച് സർക്കാർ തന്നോട് ചർച്ച നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. വീട് സ്മാരകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും നാടകമാണ്. അതിന് പിറകിൽ ചില ലക്ഷ്യങ്ങളുണ്ടെന്നും ദീപ പറഞ്ഞു. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പളനിസ്വാമി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കമീഷനെ നിയമിക്കുമെന്നും അവരുടെ വീട് സ്മാരകമാക്കുമെന്നും അറിയിച്ചത്. ഇതിന് പിറകെയാണ് ദീപയുടെ മുന്നറിയിപ്പ്. ജയയുടെ മരണശേഷം 'എം.ജി.ആർ അമ്മ ദീപ പെരവൈ' എന്നപേരിൽ പാർട്ടിയുണ്ടാക്കിയ ദീപ ജയയുടെ മണ്ഡലമായ ആർ.കെ നഗറിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പണവും അധികാരവും സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.