കോഴിക്കോട്: പൂനൂർ പുഴയുടെ പ്രതാപം വീണ്ടെടുക്കുന്നതിന് ജില്ല ഭരണകൂടത്തിെൻറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 'നിറവ്' വേങ്ങേരിയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സംയുക്ത കർമ പദ്ധതി. നബാർഡിെൻറ ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലൂടെ 58.5 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന പൂനൂർ പുഴ ശ്രമദാനത്തിലൂടെ ശുചീകരിക്കുന്നത്. പുഴയുടെ ഉറവസ്ഥാനമായ കട്ടിപ്പാറയിൽ നേരത്തേ ജില്ല കലക്ടർ യു.വി. ജോസിെൻറ നേതൃത്വത്തിൽ ആരംഭിച്ച പുഴ ശുചീകരണമാണ് അവശേഷിക്കുന്ന ഒമ്പത് ഗ്രാമപഞ്ചായത്തുകളുടെയും കോഴിക്കോട് കോർപറേഷെൻറയും പരിധിയിലേക്കു കൂടി വ്യാപിപ്പിക്കുന്നത്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജലകർമ സേനയുടെയും എൻ.എസ്.എസ് വളൻറിയർമാരുടെയും നേതൃത്വത്തിൽ ആഗസ്റ്റ് 20ന് പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 58.5 കിലോമീറ്റർ നീളമുള്ള പുഴയുടെ ഓരോ 200 മീറ്റർ ഏരിയക്കും 10 വളൻറിയർമാർ അടങ്ങിയ ജലകർമ സേനകൾ രൂപവത്കരിക്കും. സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വിവിധ കോളജുകളിലെ എൻ.എസ്.എസ് വളൻറിയർമാർ ശേഖരിച്ച് പഞ്ചായത്തിലെ ഒരു കേന്ദ്രത്തിലെത്തിക്കും. ഇത് 'നിറവ്' ഏറ്റെടുത്തു റീസൈക്കിൾ ചെയ്യുന്നതിനായി അയക്കും. തുടർന്ന് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ശുചീകരണ പ്രക്രിയ വീണ്ടും നടത്തും. നവംബർ, ഡിസംബർ മാസങ്ങളിലെ എൻ.എസ്.എസ് ക്യാമ്പുകൾ പൂനൂർ പുഴ ശുചീകരണ പദ്ധതിയുമായി ബന്ധിപ്പിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പുഴയിലെ വെള്ളം താഴുമ്പോൾ അടിഭാഗം ഉൾപ്പെടെ ശുചീകരിക്കും. എൻ.എസ്.എസ് ക്യാമ്പുകളിലൂടെ പുഴയുടെ ഇരുകരകളിലും ജലസസ്യങ്ങൾ വെച്ചുപിടിപ്പിക്കും. പ്രവൃത്തികളുടെ പുരോഗതി ഐ.ടി@'നിറവ്' തയാറാക്കിയ ആപ് വഴി എൻ.എസ്.എസ് വിദ്യാർഥികൾ നിരീക്ഷിക്കും. യോഗത്തിൽ നബാർഡ് ഡി.ഡി.എം ജെയിംസ് പി. ജോർജ്, 'നിറവ്' േപ്രാജക്ട് ഡയറക്ടർ ബാബു പറമ്പത്ത്, പഞ്ചായത്ത്– കോർപറേഷൻ– സി.ഡബ്ല്യു.ആർ.ഡി.എം, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.