കൊയിലാണ്ടി: മാതൃഭൂമി ഏജൻറ് വലിയപറമ്പത്ത് മീത്തലെ വീട്ടിൽ ഹരിദാസനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ല കാര്യവാഹക് തുവപ്പാറ മുണ്ടക്കണ്ടി ശ്രീലേഷ് (34), കീഴരിയൂർ മണ്ഡലം കാര്യവാഹക് നടുവത്തൂർ തെക്കെ ആവനക്കുഴി സുധീഷ് (24), പന്തലായനി പൂക്കാട് ഹൗസിൽ അമൽ (24) എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായ തലശ്ശേരി സ്വദേശിയും ഇപ്പോൾ എളാട്ടേരിയിൽ താമസക്കാരനുമായ ഷാജിയുടെ നിർദേശപ്രകാരമായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. മേയ് 15ന് പുലർച്ചെ നാലരയോടെയാണ് പത്രം വിതരണം ചെയ്യുകയായിരുന്ന ഹരിദാസനെ ആക്രമിച്ചത്. ആളെ മാറി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഈ വർഷം ഏപ്രിലിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ശ്രീലേഷിനു പരിക്കേറ്റു. ഇതിനു പ്രതികാരമായാണ് ആക്രമണം ആസൂത്രണം ചെയ്തത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി പത്രവിതരണക്കാരനുമായ ഭാസ്കരനെ ആക്രമിക്കാനായിരുന്നു ലക്ഷ്യമിട്ടത്. സി.ഐ കെ. ഉണ്ണികൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോഡ്രൈവർ ഷാജിയെ പിടികിട്ടിയിട്ടില്ല. എസ്.ഐ കെ.കെ. വേണു, എ.എസ്.ഐ ടി.സി. ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപൻ, എം.പി. ശ്യാം, കെ. രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ റാഷിദ്, രഞ്ജിത്, അജിത്, എം.എസ്.പിയിലെ ഷിനു, പ്രേമൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. സൈബർ സെല്ലിെൻറ സഹായവും ലഭിച്ചു. അറസ്റ്റിലായവർ നിരവധി ആക്രമണക്കേസുകളിൽ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.