മുസ്ലിംകളുടെ ദേശസ്നേഹത്തെ സംശയിക്കുന്നവർ ചരിത്രമറിയാത്തവർ -കാന്തപുരം കോഴിക്കോട്: മുസ്ലിംകളുടെ രാജ്യസ്നേഹത്തിൽ സംശയം പ്രകടിപ്പിക്കുന്നവർ ചരിത്രം പഠിക്കാത്തവരാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മർകസിന് കീഴിലെ പത്ത് പ്രധാന സ്ഥാപനങ്ങളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ലോകചരിത്രത്തിലെതന്നെ അതുല്യമായ സംഭവമാണ്. സായുധരായ ബ്രിട്ടീഷുകാരോട് ആത്മവിശ്വാസത്തോടെയും ദൃഢതയോടെയും പൊരുതാൻ ഇന്ത്യൻ ജനതക്ക് കഴിഞ്ഞത് വ്യത്യസ്ത മതങ്ങളും ദേശക്കാരുമെല്ലാം ഒരേ മനസ്സോടെ ഒരുമിച്ചുനിന്നതു കൊണ്ടാണ് -അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളായ നാരായണക്കുറുപ്പ് നല്ലളം, എസ്. നാഗപ്പൻ നായർ ബാലുശ്ശേരി എന്നിവരെ ആദരിച്ചു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി ആമുഖപ്രഭാഷണം നിർവഹിച്ചു. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഉനൈസ് മുഹമ്മദ്, അമീർ ഹസൻ, സി.പി ഉബൈദുല്ല സഖാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.