തിരുവനന്തപുരം: പുന്നപ്ര- വയലാർ സമരത്തിെൻറ നെരിപ്പോടുകൾ നേരിട്ട് അനുഭവിച്ച വയലാർ രാമവർമയുടെ തൂലികയിൽ പിറന്ന രക്തവർണമാർന്ന വരികൾക്ക് പരവൂർ ജി. ദേവരാജൻ ചിട്ടപ്പെടുത്തിയ 'ബലികുടീരങ്ങളേ'... എന്ന ഗാനത്തിെൻറ ആദ്യവരി പാടി ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. മാനവീയം വീഥിയിൽ ബലികുടീരങ്ങളേ ഗാനത്തിെൻറ അറുപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഈണവും താളവും ഭാവവും അസാധാരണമായി ലയിച്ച ഗാനമാണിതെന്ന് വി.എസ് പറഞ്ഞു. 1957ലെ എ.ഐ.ടി.യു.സി അഖിലേന്ത്യ സമ്മേളനം കേരളത്തിൽ നടത്താൻ തീരുമാനിച്ചു. ഈ സമ്മേളനത്തിന് അഭിവാദനഗാനം എഴുതാനായി ഒ.എൻ.വിയെ ചുമതലപ്പെടുത്തി. എന്നാൽ, സർക്കാർ ശമ്പളം പറ്റുന്ന ആളായതിനാൽ കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള േട്രഡ് യൂനിയൻ സമ്മേളനത്തിന് പാട്ടെഴുതാൻ ഒ.എൻ.വിക്ക് സാധിക്കാതെവന്നു. തുടർന്ന് ഒ.എൻ.വിയും ദേവരാജൻ മാസ്റ്ററും കൂടി വയലാറിനെ പോയി കണ്ട് പാട്ടെഴുതാൻ നിയോഗിച്ചു. അങ്ങനെയാണ് വയലാർ-ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിനും 'ബലികുടീരങ്ങളേ' ഗാനപ്പിറവിക്കും തുടക്കമായത്. എന്നാൽ, സമ്മേളനത്തിന് മുമ്പ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമര ശതാബ്ദി ആഘോഷ ചടങ്ങിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഈ ഗാനം അവതരിപ്പിച്ചു. ഇത് കേവലം ഒരു ഗാനത്തിെൻറ ഷഷ്ടിപൂർത്തി ആഘോഷമല്ല; ചരിത്രത്തിെൻറ ഓർമപ്പെടുത്തലാണ്. ചരിത്രത്തെയും മനുഷ്യമുന്നേറ്റത്തെയും അടയാളപ്പെടുത്താനുള്ള പോരാട്ടങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഈ പാട്ടിെൻറ ഈണവും താളവും അലയടിച്ചുകൊണ്ടിരിക്കുമെന്നും വി.എസ് പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി 60 ദീപങ്ങൾ തെളിയിച്ചു. തുടർന്ന് അറുപത് ഗായകർ ചേർന്ന് 'ബലികുടീരങ്ങളേ' ഗാനം ആലപിച്ചു. ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പൂവച്ചൽ ഖാദർ, മുൻ എം.എൽ.എ പിരപ്പൻകോട് മുരളി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവർ സംസാരിച്ചു. ഭാരത് ഭവൻ, ജി. ദേവരാജൻ മെമ്മോറിയൽ ട്രസ്റ്റ്, ദേവരാഗപുരം ജി. ദേവരാജൻ സംഗീത അക്കാദമി എന്നിവയാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.