മുക്കം: ഗ്രാമങ്ങളിലെ കൊയ്ത്തു പാടങ്ങളിൽ നിറചന്തമൊരുക്കി വാഴുന്ന ചുണങ്ങൻ മൊഗാല കാളകളും ചൂട്ടൻ കാളകളും വിസ്മൃതിയിലേക്ക്. മൂന്ന് പതിറ്റാണ്ടുകൾ മണാശ്ശേരി, പൊറ്റശ്ശേരി, ചേന്ദമംഗലൂർ, കച്ചേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിലെ വയലുകളിൽ ജൈവകാർഷിക സമൃദ്ധിക്ക് വിളനിലമൊരുക്കാൻ രംഗത്തുണ്ടായിരുന്ന മൊഗാല, ചൂട്ടൻകാളകൾ വിരലിലെണ്ണാവുന്നത്രയും ചുരുങ്ങിക്കഴിഞ്ഞു. മുമ്പ് വയലുകളിൽ നെൽകൃഷിക്ക് ഉഴുതിരുന്നത് ഭൂരിഭാഗവും ചുണങ്ങൻ മൊഗാല കാളകളും ചൂട്ടൻ കാളകളുമായിരുന്നു. നൂറ് ഏക്കറോളം നീണ്ടു നിൽക്കുന്ന നെൽപ്പാടങ്ങളിൽ 30 ഏരികൾ (ജോടികൾ) കാളകളാണ് നിലങ്ങൾ പൂർണമായും ഒരുക്കിയിരുന്നത്. ഗ്രാമങ്ങളിലെ കുന്നുകളിലും താഴ്ചയിൽ സ്ഥിതിചെയ്യുന്ന കരപ്രദേശങ്ങളിലും, നെൽവിത്തിറക്കുന്നതിന് മുന്നോടിയായി കാളകൾ നിലങ്ങൾ പൂട്ടുന്ന കാഴ്ച നനുത്ത ഒാർമ മാത്രമായി. അക്കാലത്ത് കാളകളെ പൂട്ടുന്ന നിരവധി പേരുണ്ടായിരുന്നു. ട്രാക്ടറുകളുടെ വരവോടെ കാളകൾ വയലുകളിൽനിന്ന് അപ്രത്യക്ഷമാവാൻ തുടങ്ങി. പൊറ്റശ്ശേരി പ്രദേശത്ത് സ്വന്തമായി മൊഗാല, ചൂട്ടൻകാളകളുമായി കന്നുപൂട്ടാൻ കണ്ണങ്കര അഹമ്മദ് കുട്ടി മാത്രമാണുള്ളത്. 10ാം ക്ലാസ് കഴിഞ്ഞ് രണ്ട് ജോടി കാളകളുമായി ചേന്ദമംഗലൂർ പാലിയിൽ പരേതനായ ആലിക്കാക്കയുടെ കൊയ്ത്തു പാടങ്ങളിലാണ് അഹമ്മദ് കുട്ടി പരീക്ഷണ കന്നുപൂട്ടൽ തുടക്കം കുറിച്ചത്. അക്കാലത്ത് അഞ്ചു രൂപയാണ് കൂലി ലഭിച്ചിരുന്നതെന്ന് അഹമ്മദ് കുട്ടി ഒാർക്കുന്നു. ഇത് പിന്നീട് ഉയർന്ന് 250 രൂപയിലെത്തി. ഒടുവിൽ 1500- മുതൽ 1600 രൂപ വരെ കൂലി ലഭിക്കുന്നുണ്ട്. പാടങ്ങൾ കോൺക്രീറ്റ് പാടങ്ങളിലേക്ക് നീങ്ങിയതും, മണ്ണിട്ട് നികത്തുന്നതും ജോലിയെ സാരമായി ബാധിച്ചതായി അദ്ദേഹം പറയുന്നു. മൊഗാലയും ചൂട്ടനും ഇന്നും അഹമ്മദ് കുട്ടിയുടെ കൂട്ടുകാരാണ്. വർഷങ്ങൾക്കു മുമ്പ് മലപ്പുറത്ത് കോട്ടപ്പടിയിൽനിന്ന് 90,000 രൂപക്കാണ് കാളകളെ വാങ്ങിയത്. ലക്ഷണമൊത്ത കന്നുപൂട്ട് കാളകൾ ലഭ്യത കുറവാണ്. മുക്കം നഗരസഭയിൽ ഇപ്പോൾ 25 ഏക്കർ വയൽ പ്രദേശങ്ങളിലാണ് നെൽകൃഷി നടത്തുന്നത്. അതേസമയം, 30 ഏക്കർ വയലുകളിൽ വാഴകൃഷിയുണ്ട്. ഈ വയലുകൾ കന്നുപൂട്ടണമെങ്കിൽ 20 ജോടി കാളകളെയെങ്കിലും ആവശ്യമാണ്. ജൈവകൃഷി രീതിയിൽ കാളകളെ ഉപയോഗിച്ചുള്ള നിലം ഉഴുതൽ വിള വർധനയുണ്ടാക്കും. കാളകളെ ഉപയോഗിച്ച് കന്നുപൂട്ടുന്നതിനാൽ വയലുകളിലെ അടിച്ചളി ഒരു അടി താഴ്ഭാഗത്തേക്ക് നീങ്ങുന്നതിനാൽ നെൽച്ചെടികൾ നന്നായി വളരും. നാടൻ കോഴിയിറച്ചി, നാടൻ കോഴിമുട്ടകൾ, മുതിര, അരിഷ്ടങ്ങൾ അടങ്ങിയുള്ള ആരോഗ്യകരമായ ഭക്ഷണവും കാളകൾക്ക് മുറതെറ്റാതെ നൽകണം. തൂക്കം ഒന്നര ക്വിൻറലിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് 30 വർഷത്തെ അനുഭവത്തിലൂടെ അഹമ്മദ് കുട്ടിക്ക് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.