പ്രഖ്യാപനത്തിലൊതുങ്ങുന്ന മാനാഞ്ചിറ--വെള്ളിമാടുകുന്ന് റോഡ് വികസനം കോഴിക്കോട്: വാഗ്ദാനത്തിലൊതുങ്ങുന്ന മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ശാപമോക്ഷമാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രംഗത്ത്. സർക്കാർ വാഗ്ദാന ലംഘനം നടത്തിയും ഉത്തരവുകൾ നടപ്പാക്കാതെയും ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഉത്തരവാദിത്തം നിറവേറ്റാൻ എം.എൽ.എയും എം.പിയും സമരത്തിന് നേതൃത്വം നൽകണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മുൻ സർക്കാർ 64 കോടി രൂപ അനുവദിച്ച വികസനം തങ്ങൾ അധികാരത്തിൽ വന്നാലുടനെ പൂർത്തീകരിക്കുമെന്ന് ഇന്നത്തെ ഭരണമുന്നണിയും എം.എൽ.എയും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് ഉറപ്പുനൽകിയതാണ്. 2016 ആഗസ്റ്റ് ഒന്നിന് ഈ റോഡ് കിഫ്ബിയിൽ ആദ്യ പദ്ധതിയായി വികസിപ്പിക്കുമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കും, ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും അറിയിച്ചിരുന്നു. ഇൗ വാഗ്ദാനങ്ങൾ പാലിക്കാതെ വന്നപ്പോഴാണ് സമര പ്രഖ്യാപന കൺവെൻഷനിൽ മേയ് 27ന് മാനാഞ്ചിറയിൽ റോഡ് ഉപരോധം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തലേദിവസം പൊതുമരാമത്ത് വകുപ്പ് 50 കോടി രൂപ അനുവദിച്ചതിനാൽ സമരം ഒഴിവാക്കണമെന്ന് പ്രദീപ്കുമാർ എം.എൽ.എ അഭ്യർഥിച്ചതിനെ തുടർന്നാണ് ഉപരോധം മാറ്റിവെച്ചത്. രണ്ട് ദിവസത്തിനകം ജില്ല കലക്ടറുടെ അക്കൗണ്ടിൽ ഫണ്ട് എത്തുമെന്നും അടുത്ത ഗഡുവായി 50 കോടി രൂപ ജൂണിലും ബാക്കി മുഴുവൻ തുകയും നവംബറിനുള്ളിലും അനുവദിച്ച് റോഡ് വികസനം യാഥാർഥ്യമാക്കുമെന്ന് എം.എൽ.എ യോഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ, രണ്ടു മാസം കഴിഞ്ഞിട്ടും ഫണ്ട് ലഭ്യമായിട്ടില്ല. മാത്രമല്ല, ഈ സർക്കാർ അധികാരത്തിൽ വന്ന് 15 മാസം പിന്നിട്ടിട്ടും റോഡ് വികസനത്തിന് ഒരു രൂപ പോലും നൽകിയിട്ടുമില്ല. ഫണ്ട് ഉടൻ ലഭ്യമാകുമെന്ന ഉറപ്പിൽ ജില്ല ഭരണകൂടം 30 കോടിയുടെ സ്ഥലം റോഡിന് പോക്കുവരവ് നടത്തിയെങ്കിലും ഭൂവുടമകൾക്ക് ഇതുവരെ പണം നൽകിയിട്ടില്ല. ഏറ്റെടുത്ത ഭൂമിയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരവും കൊടുത്തിട്ടില്ല. രജിസ്റ്റർ ചെയ്തു കൊടുത്ത ഭൂമിയുടെ വില ലഭിക്കുന്നതിന് ഉടമകൾ കോടതിയെ സമീപിക്കുന്നുവെന്നാണ് അറിയുന്നത്. മുൻകൂർ സമ്മതപത്രം നൽകിയവരിൽ 50 കോടി രൂപയുടെ ഭൂമികൂടി രജിസ്റ്റർ ചെയ്യുന്നതിന് റവന്യൂ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് 50 കോടി അനുവദിച്ച് ഉത്തരവ് ഇറക്കിയത് ധനകാര്യ വകുപ്പിെൻറ അനുമതിക്ക് ശേഷമാണെങ്കിൽ പ്രസ്തുത ഫയൽ പി.ഡബ്ല്യു.ഡി ധനകാര്യ വകുപ്പിലേക്ക് തിരിച്ചയച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. എം.എൽ.എ പ്രസ്താവിച്ചതുപോലെ ഉദ്യോഗസ്ഥ തലത്തിലെ ധിക്കാരമാണ് ഇപ്പോഴത്തെ കാലതാമസത്തിന് കാരണമെങ്കിൽ അത്തരം ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുപ്പിക്കാൻ തയാറാകണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിെൻറ സ്ഥലം ഏറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തുന്നതിന് നേരത്തേ അനുവദിച്ച 50 കോടിയടക്കം 100 കോടി രൂപ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ ആഗസ്റ്റ് അവസാനം റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികൾ വീണ്ടും ആരംഭിക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് ഡോ. എം.ജി.എസ് നാരായണൻ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, തായാട്ട് ബാലൻ, സി.ജെ. റോബിൻ, കെ.വി. സുനിൽകുമാർ, കെ.പി. വിജയകുമാർ, പ്രദീപ് മാമ്പറ്റ, പി.എം.എ നാസർ, എ.കെ. ശ്രീജൻ, പി. സദാനന്ദൻ, സിറാജ് വെള്ളിമാടുകുന്ന്, സി. ചെക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.