ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ്​ ക​ൽ​പ​റ്റ​യി​ലേ​ക്ക്

മാനന്തവാടി: മാനന്തവാടിയിൽ പ്രവർത്തിക്കുന്ന ജില്ല മെഡിക്കൽ ഓഫിസ് കൽപറ്റയിലേക്ക് മാറ്റാൻ ഒൗദ്യോഗിക തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് ജില്ല മെഡിക്കൽ ഓഫിസിൽ എത്തിയത്. നീണ്ടകാലത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഒാഫിസ് മാനന്തവാടിയിൽനിന്ന് ജില്ല ആസ്ഥാനത്തേക്ക് മാറുന്നത്. മൂന്നു മാസം മുമ്പ് അഡീഷനൽ ഹെൽത്ത് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല മെഡിക്കൽ ഓഫിസർമാരുടെ മാസാന്ത്യ യോഗത്തിൽ ഒാഫിസ് മാറ്റാൻ തീരുമാനമെടുക്കുകയും മിനുട്സിൽ രേഖപ്പെടുത്തുകയുമായിരുന്നു. യോഗത്തിൽ വയനാടിനെ പ്രതിനിധാനംചെയ്ത ഉദ്യോഗസ്ഥനാണ് ഓഫിസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. വിവരം പുറത്തുവന്നതോടെ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഓഫിസ് മാറ്റില്ലെന്ന് അധികൃതർ രേഖാമൂലം ഉറപ്പുനൽകുകയും ചെയ്തു. ഈ ഉറപ്പാണ് ഇപ്പോൾ പാഴായിരിക്കുന്നത്. ഓഫിസ് മാറ്റാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് അതീവ രഹസ്യമായാണ്. മാനന്തവാടിയിൽ ഓഫിസ് പ്രവർത്തനത്തിെൻറ അസൗകര്യവും കൽപറ്റയിലേക്ക് മാറ്റിയാൽ ഇന്ധന െചലവ് കുറക്കാമെന്നതുമാണ് അധികൃതർ ഉന്നയിക്കുന്നത്. താലൂക്ക് വികസന സമിതി യോഗത്തിൽ വിഷയം ചർച്ചക്ക് വന്നപ്പോൾ, പുതിയ കെട്ടിടം വരുന്നതുവരെ സൗകര്യമായ സ്ഥലം മാനന്തവാടിയിൽ കണ്ടെത്തി ഓഫിസ് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങളെയെല്ലാം അട്ടിമറിച്ചാണ് ഓഫിസ് മാറ്റുന്നത്. ഓഫിസ് മാറ്റുന്നതിലൂടെ ഏറ്റവും അധികം നഷ്ടം സംഭവിക്കുക നഗരസഭക്കാണ്. തൊഴിൽ നികുതി ഇനത്തിൽ പതിനായിരക്കണക്കിന് രൂപയാണ് നഗരസഭക്ക് ലഭിച്ചിരുന്നത്. ഇത് പൂർണമായും നിലക്കും. സ്ഥലം എം.എൽ.എയുടെ മൗനാനുവാദത്തോടെയാണ് ഓഫിസ് മാറ്റാൻ ശ്രമിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.