കോഴിക്കോട്: മാമ്പുഴ കൈയേറ്റഭൂമി ഏറ്റെടുക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്‍െറ തീരുമാനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥമൂലം അനിശ്ചിതത്വത്തില്‍. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ രണ്ടുമാസം മുമ്പ് പി.ടി.എ. റഹീം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങി ബന്ധപ്പെട്ടവര്‍ ചേര്‍ന്ന യോഗത്തിലാണ് പുഴ സംരക്ഷണത്തിനുള്ള പദ്ധതികളാവിഷ്കരിച്ചത്. ഗാന്ധിജയന്തിയായ ഒക്ടോബര്‍ രണ്ടിനുമുമ്പ് സര്‍വേ പൂര്‍ത്തിയായ സ്ഥലത്തെ ഭൂമി ഏറ്റെടുക്കാനും വൃക്ഷങ്ങള്‍ക്ക് നമ്പര്‍ ചേര്‍ക്കാനുമായിരുന്നു പ്രധാന തീരുമാനം. ഇതിന് അനുബന്ധമായി ഡിസംബര്‍ മാസത്തോടെ ഏറ്റെടുത്ത സ്ഥലം ജൈവവേലി കെട്ടി സംരക്ഷിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതൊന്നും നടപ്പായിട്ടില്ല. മാമ്പുഴ കടന്നുപോകുന്ന ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ പഞ്ചായത്തുകളിലെ അധികൃതര്‍, കുന്ദമംഗലം, കോഴിക്കോട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മാമ്പുഴ സംരക്ഷണസമിതി ഭാരവാഹികള്‍, റവന്യൂ, സര്‍വേ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ആഗസ്റ്റ് 11ന് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. ഭൂമി ഏറ്റെടുക്കേണ്ട ബാധ്യത ഗ്രാമപഞ്ചായത്തുകള്‍ക്കായതിനാല്‍ ഇതിനാവശ്യമായ സര്‍വേ സ്കെച്ചുകള്‍ ബന്ധപ്പെട്ട വില്ളേജ് ഓഫിസുകളില്‍നിന്ന് പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കണമെന്നും തീരുമാനിച്ചിരുന്നു. ഈ സ്കെച്ചുകള്‍ ലഭ്യമാവാത്തതിനാലാണ് ഏറ്റെടുക്കല്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്തതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. കുറ്റിക്കാട്ടൂരില്‍നിന്ന് ആരംഭിക്കുന്ന പുഴ പയ്യടിമീത്തല്‍, പന്തീരാങ്കാവ്, കുന്നത്തുപാലം, ഒളവണ്ണ തുടങ്ങിയ പ്രദേശങ്ങളിലൂടെ ഒഴുകി മാങ്കാവില്‍ ചാലിയാര്‍ പുഴയുടെ കൈവഴിയായി ചേരുകയാണ്. നിലവില്‍ പായല്‍ നിറഞ്ഞും ചില പ്രോജക്ട് ആവശ്യങ്ങളുടെ മറവില്‍ മണ്ണ് നികത്തിയും നശിച്ചുകൊണ്ടിരിക്കുകയാണ് മാമ്പുഴ. ഒരിക്കല്‍ സര്‍വേ നടപടി പൂര്‍ത്തിയായതാണെന്നും ജില്ലയില്‍ സര്‍വേയര്‍മാരുടെ കുറവുണ്ടെന്നും നിലവിലെ സര്‍വേയര്‍മാര്‍ അടിയന്തര സ്വഭാവമുള്ള മറ്റു പ്രവൃത്തികളിലാണെന്നും യോഗത്തില്‍ കലക്ടര്‍ വിശദീകരണം നല്‍കിയിരുന്നു. പുഴ സംരക്ഷിക്കുന്നതിന് കണ്ടല്‍കാടുകള്‍ വെച്ചുപിടിപ്പിക്കണമെന്ന് എം.എല്‍.എയും യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വേ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയായാല്‍ മാത്രമേ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് അനുബന്ധ പദ്ധതികള്‍ക്ക് രൂപം നല്‍കാനാവൂ എന്ന് വിനോദസഞ്ചാര വകുപ്പ് നേരത്തേ അറിയിച്ചിട്ടുണ്ട്. റവന്യൂ വകുപ്പും സര്‍വേ വകുപ്പും പഞ്ചായത്ത് അധികൃതരും പുലര്‍ത്തുന്ന നിസ്സംഗത പുഴയുടെ സംരക്ഷണത്തെ ബാധിക്കുകയാണെന്ന് സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പറയുന്നു. യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കാത്തതില്‍ വിശദീകരണം ആവശ്യപ്പെടണമെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നുമാവശ്യപ്പെട്ട് സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.