അനാഥമായ വാട്ടര്‍ടാങ്ക് വീടുകള്‍ക്ക് ഭീഷണി

കൊടുവള്ളി: നഗരസഭയിലെ മാനിപുരം കാവില്‍ നെച്ചോട്ടക്കുന്നുമ്മല്‍ കോളനിയില്‍ തകര്‍ച്ചയിലായ വാട്ടര്‍ ടാങ്ക് കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയാവുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് കോളനിവാസികള്‍ക്ക് കുടിവെള്ളം ലഭിക്കാനായി വലിയ ഇരുമ്പ് തൂണില്‍ നിര്‍മിച്ചതാണ് വാട്ടര്‍ ടാങ്ക്. പദ്ധതി പ്രവര്‍ത്തനം നിലച്ചതോടെ ടാങ്കിന്‍െറ ഉപയോഗം ഇല്ലാതായി. പ്രദേശത്ത് പുതിയ കുടിവെള്ള പദ്ധതി സ്ഥാപിക്കുകയും ചെയ്തതോടെയാണ് പഴയ ടാങ്ക് അനാഥമായത്. കാലപ്പഴക്കത്താല്‍ വാട്ടര്‍ ടാങ്ക് തുരുമ്പെടുത്ത് എത് നിമിഷവും സമീപത്തെ വീടുകളുടെ മുകളിലേക്ക് വീഴുമെന്ന അവസ്ഥയിലാണിപ്പോള്‍. അപകടകരമായ നിലയിലുള്ള ടാങ്ക് പൊളിച്ച് മാറ്റാന്‍ നടപടിയാവശ്യപ്പെട്ട് കോളനിവാസികള്‍ നിരവധി തവണ പഞ്ചായത്ത്-നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് നാലിന് നഗരസഭ സെക്രട്ടറി നല്‍കിയ മറുപടിയില്‍ വീടുകള്‍ക്ക് ഭീഷണിയായ വാട്ടര്‍ ടാങ്ക് സ്വന്തം ചെലവില്‍ പൊളിച്ചുനീക്കി സമീപത്തുതന്നെ ഇറക്കിവെക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ടാങ്ക് പൊളിച്ചുമാറ്റുന്നതിന് ഭാരിച്ച പണം ചെലവ് വരുന്നതും പൊളിച്ചുമാറ്റിയ വസ്തുക്കള്‍ സൂക്ഷിക്കുന്നതും കോളനിവാസികള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയാത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണിവര്‍. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് നടപടിയില്ളെന്നും കോളനിവാസികള്‍ പറയുന്നു. ടാങ്ക് പൊളിച്ചുമാറ്റാന്‍ നഗരസഭയുടെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.