പയ്യോളി: തീക്ഷ്ണമായ ജീവിതസാഹചര്യങ്ങള്‍ എന്നും കൂട്ടിനുള്ള കുഞ്ഞിക്കണ്ണന്‍ തുറശ്ശേരിക്കടവ് എഴുതിയ ‘ഇനി വെളിച്ചം’ എന്ന നോവല്‍ പ്രകാശനത്തിന് ഒരുങ്ങുന്നു. നിസ്വാര്‍ഥത, സാന്ത്വനം, കാരുണ്യം എന്നിവയുടെ ഉറവ വറ്റിയ പുതിയ ലോകത്തില്‍ ജീവിക്കുന്നവര്‍ക്ക് പരസ്പര സ്നേഹത്തിന്‍െറ വെളിച്ചമാണ് വശ്യവും ലാളിത്യവുമാര്‍ന്ന ഭാഷയിലൂടെ നോവല്‍ പകര്‍ന്നുനല്‍കുന്നത്. ഒന്നും അവകാശപ്പെടാനില്ലാത്ത ഈ എഴുത്തുകാരന്‍ താന്‍ കണ്ട, കണ്ടുകൊണ്ടിരിക്കുന്ന ജീവിതവ്യാപാരങ്ങള്‍ മാത്രം കൈമുതലാക്കിയെഴുതിയ ഈ നോവല്‍ നെഞ്ചോടു ചേര്‍ത്തുപിടിക്കേണ്ടത് മാനുഷികതയെ ആശ്ളേഷിക്കല്‍ മാത്രമാണെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യുക്തിരേഖാ പത്രത്തിന്‍െറ പത്രാധിപരുമായ ഇരിങ്ങല്‍ കൃഷ്ണന്‍ അവതാരികയില്‍ എഴുതിയിരിക്കുന്നു. മേയ് അവസാനത്തിലോ ജൂണ്‍ ആദ്യവാരത്തിലോ പ്രകാശനം നിര്‍വഹിക്കുന്ന ചടങ്ങില്‍ പ്രമുഖരായ രാഷ്ട്രീയ-സാംസ്കാരിക നായകര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ മുജേഷ് ശാസ്ത്രി, ജിതേഷ് പുനത്തില്‍, വേങ്ങോട്ട് അബ്ദുറഹിമാന്‍, ശ്രീശന്‍ കിഴൂര്‍ എന്നിവര്‍ പറഞ്ഞു. കുഞ്ഞിക്കണ്ണന്‍ തുറശ്ശേരിക്കടവിന്‍െറ രചനയില്‍ ശ്രദ്ധേയങ്ങളായ ഏതാനും റേഡിയോ നാടകങ്ങള്‍ ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്തിട്ടുണ്ട്. പിന്നണി ഗായകനായ ജി. വേണുഗോപാലിനെപ്പോലെയുള്ളവര്‍ ആലപിച്ചിട്ടുള്ള ഒട്ടേറെ ഗാനങ്ങളുടെ രചയിതാവുകൂടിയാണ് കുഞ്ഞിക്കണ്ണന്‍. ‘സീമന്തരേഖയില്‍...’ എന്നു തുടങ്ങുന്ന ലളിതഗാനം സംസ്ഥാന യുവജനോത്സവത്തിലും ഇന്‍റര്‍സോണ്‍ കലോത്സവത്തിലും ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. 29ാം അഖില കേരള ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തില്‍ ഇദ്ദേഹത്തിന്‍െറ ശിക്ഷണത്തില്‍ മൂത്ത മകള്‍ അനഘ കെ.പി കഥാപ്രസംഗമത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹയായിരുന്നു. രണ്ടാമത്തെ മകള്‍ ഹരിത കെ.പി. മോണോ ആക്ടിലും തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. തന്നെ ഒരെഴുത്തുകാരനാക്കിയതില്‍ മുഖ്യപങ്ക് ബി-ടെക് വിദ്യാര്‍ഥിനികളായ തന്‍െറ രണ്ടു മക്കള്‍ക്കുമാണെന്ന് പറയുന്ന കുഞ്ഞിക്കണ്ണന്‍ തുറശ്ശേരിക്കടവ് പയ്യോളിക്കടുത്ത കീഴല്ലൂരിലെ തുറശ്ശേരിക്കടവില്‍ പരേതനായ വേങ്ങോട്ട് ബാലന്‍-കൊറുമ്പി ദമ്പതികളുടെ മൂത്തപുത്രനാണ്. ഭാര്യ: പി.കെ. പുഷ്പ. ചെങ്കല്‍ വിതരണത്തൊഴിലാളിയായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹത്തിന്‍െറ പുസ്തകമെന്ന സ്വപ്നത്തിന് നിറം പകര്‍ന്നത് സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.