കോഴിക്കോട്: ഒരു നാടും മനസ്സില്‍ നന്മയുള്ള ഒരുകൂട്ടം ആളുകളും ഒത്തുചേര്‍ന്നപ്പോള്‍ പരമേശ്വരിക്ക് കൈവന്നത് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്ന മംഗല്യം. വെള്ളിമാട്കുന്ന് മഹിളാമന്ദിരത്തിലെ അന്തേവാസിയായ മിടുക്കി വടകര മണിയൂര്‍ വാപ്പുറത്ത് മീത്തല്‍ സന്ദീപിന്‍െറ ജീവിതസഖിയായത് ഒരു നിയോഗംപോലെ. ഓര്‍മവെച്ചനാള്‍ മുതല്‍ വെള്ളിമാട്കുന്ന് സാമൂഹികനീതി സമുച്ചയത്തിലെ വിവിധ സ്ഥാപനങ്ങളില്‍ കഴിഞ്ഞ പരമേശ്വരിക്ക് ഇനി സ്വന്തമെന്ന് പറയാന്‍ ഒരു നല്ലപാതിയും കുടുംബവുമുണ്ട്. വ്യാഴാഴ്ച രാവിലെ 11.30ന് പയ്യോളി കീഴൂര്‍ ശിവക്ഷേത്രത്തില്‍വെച്ചാണ് സന്ദീപ് പരമേശ്വരിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. മംഗല്യമുഹൂര്‍ത്തത്തിനു സാക്ഷികളായപ്പോള്‍ ചില്‍ഡ്രന്‍സ്ഹോമിലും മഹിളാമന്ദിരത്തിലുമായി അവളെ നോക്കിവളര്‍ത്തിയ അമ്മമാരുടെയും അനിയത്തിയെപ്പോലെ കൂടെക്കൊണ്ടുനടന്ന മഹിളാമന്ദിരം സൂപ്രണ്ട് കെ.സതിയുടെയും കണ്ണില്‍ ആനന്ദാശ്രു പൊഴിഞ്ഞു. പുതിയൊരു ജീവിതത്തിലേക്ക് വലതുകാല്‍ വെച്ചപ്പോഴും മഹിളാമന്ദിരത്തിലെ കൂടെപ്പിറക്കാത്ത കൂടപ്പിറപ്പുകളെ പിരിയേണ്ട വിഷമം വിങ്ങലായി ഈ ഇരുപത്തിമൂന്നുകാരിയുടെ മുഖത്തും തെളിഞ്ഞു. തമിഴ്നാട്ടില്‍ ജനിച്ച പരമേശ്വരി അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ ഫ്രീബേര്‍ഡ്സിന്‍െറ സംരക്ഷണത്തിലായിരുന്നു. പിന്നീട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമിലും, ആഫ്റ്റര്‍കെയര്‍ ഹോമിലും രണ്ടുവര്‍ഷം മുമ്പ് മഹിളാമന്ദിരത്തിലും എത്തി. ഇവിടെനിന്ന് പ്ളസ് ടു കഴിഞ്ഞ് കംപ്യൂട്ടര്‍ കോഴ്സ് പഠിക്കുന്നു. ബി.എഡ് ബിരുദധാരിയായ സന്ദീപ് പെയിന്‍റിങ് ജോലിയിലാണ്. കെ.എസ്.ആര്‍.ടി.സിയുടെ കണ്ടക്്ടര്‍ ലിസ്്റ്റിലുമുണ്ട്. ചുറ്റുമുള്ളവര്‍ വന്‍തുക സ്ത്രീധനം വാങ്ങിയും തറവാട്ടുമഹിമ നോക്കിയും കല്യാണം കഴിക്കുമ്പോള്‍ ആരോരുമില്ലാത്ത ഒരു കുട്ടിക്ക് ജീവിതം നല്‍കാന്‍ തുനിഞ്ഞിറങ്ങുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. മഹിളാമന്ദിരത്തില്‍ വന്നുതന്നെയാണ് പെണ്ണുകണ്ടത്. നവദമ്പതികള്‍ക്ക് മംഗളംനേരാന്‍ സാമൂഹികനീതി സമുച്ചയത്തിലെ അന്തേവാസികളും ജീവനക്കാരും സന്നദ്ധ സംഘടനയായ ആം ഓഫ് ജോയി പ്രവര്‍ത്തകരുമുള്‍പ്പടെ നൂറോളം പേര്‍ പങ്കെടുത്തു. മഹിളാമന്ദിരത്തിന്‍െറ മാനേജ്മെന്‍റ് കമ്മിറ്റി അംഗം തങ്കപ്പന്‍ മാസ്്റ്ററുടെ കാര്‍മികത്വത്തിലായിരുന്നു കല്യാണച്ചടങ്ങുകള്‍. താലികെട്ടിനുശേഷം സന്ദീപിന്‍െറ വീട്ടില്‍ പരമേശ്വരിയുടെ ‘ബന്ധുക്കള്‍’ക്കായി വിവാഹസദ്യയും ഒരുക്കി. സാമൂഹികക്ഷേമവകുപ്പ് നല്‍കിയ ഒരുലക്ഷം രൂപക്ക് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍, സിറ്റി പൊലീസ് കമീഷണര്‍ ഓഫിസ്, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എന്നിവര്‍ നല്‍കിയ ഓരോ പവന്‍, പ്രിയപ്പെട്ടവര്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഇവയെല്ലാം ചേര്‍ത്ത് പത്തോളം പവന്‍ അണിഞ്ഞാണ് മഹിളാമന്ദിരത്തിന്‍െറ മകള്‍ മണ്ഡപത്തിലത്തെിയത്. ഖത്തര്‍ മലയാളിയായ അമിത നല്‍കിയ സാരിയുടുത്ത പരമേശ്വരിയെ സെയിന്‍ ബ്യൂട്ടി സ്്റ്റുഡിയോ അണിയിച്ചൊരുക്കുകകൂടി ചെയ്തതോടെ മണവാട്ടി സ്വപ്നസുന്ദരിയായി. കല്യാണത്തിനുള്ള മറ്റുചെലവുകള്‍ ജി.അനൂപിന്‍െറ നേതൃത്വത്തിലുള്ള ആം ഓഫ് ജോയിയും, കഴിഞ്ഞ ദിവസം വെളളിമാടുകുന്നില്‍ നടന്ന വിവാഹ സല്‍കാരത്തിനുള്ള ചെലവ് എരഞ്ഞിപ്പാലം എസ്.ബി.ടി ശാഖയും ചേര്‍ന്നാണ് ഏറ്റെടുത്തത്. വിവാഹസമ്മാനമായി കോഴിക്കോട് ടൈറ്റന്‍ വാച്ച് ഷോറൂം ഉടമ പക്രന്‍ അഹമ്മദ് വാഷിങ്മെഷീനും നല്‍കി. താലികെട്ടു കഴിഞ്ഞ ഉടന്‍ പരമേശ്വരി കൈപിടിച്ചത്തെിയത് സന്ദീപിന്‍െറ കുടുംബത്തണലിലേക്ക്. ഇനി ഇരുവര്‍ക്കും പുതിയ നാളുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.