മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്: ഉദ്യോഗസ്ഥ അനാസ്ഥയെന്ന് എം.പി; ഫണ്ട് ലഭ്യമാകാത്തതാണ് പ്രശ്നമെന്ന് എം.എല്‍.എ

കോഴിക്കോട്: അനുവദിച്ച ഫണ്ടുകള്‍പോലും ഉപയോഗിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് വികസനത്തിലെ പ്രതിയെന്ന് എം.കെ. രാഘവന്‍ എം.പി. എന്നാല്‍, ഉദ്യോഗസ്ഥരെക്കാളേറെ ഫണ്ട് അനുവദിക്കുന്നതില്‍ അനാസ്ഥ കാണിച്ച സര്‍ക്കാറാണ് ഉത്തരവാദിയെന്ന് എ. പ്രദീപ്കുമാറും. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസന ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ‘മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡും നഗരവികസനവും’ സ്ഥാനാര്‍ഥി അഭിമുഖം പരിപാടിയിലാണ് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കിയത്. റോഡ് കാര്യത്തില്‍ കുറച്ചുകാലമായി ഉദ്യോഗസ്ഥതല നീക്കങ്ങള്‍തന്നെ നിലച്ച മട്ടാണെന്ന് ഉദ്ഘാടനം ചെയ്ത എം.കെ. രാഘവന്‍ എം.പി പറഞ്ഞു. നഗരപാത വികസനപദ്ധതിയില്‍ ആദ്യത്തേതായിരുന്ന റോഡ് ഏറ്റവും ഒടുവിലേക്കുപോയി. ഉദ്യോഗസ്ഥതല ഏകോപനമുണ്ടായിരുന്നെങ്കില്‍ പദ്ധതി ഇത്രയും നീളില്ലായിരുന്നു. അവലോകനയോഗങ്ങളില്‍ സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥര്‍ തടസ്സം സൃഷ്ടിക്കുകയാണ്. ഇത്തരം ഉദ്യോഗസ്ഥര്‍ നാടിന്‍െറ ശാപമാണ്. സര്‍ക്കാര്‍ അനുവദിച്ച നൂറുകോടിയില്‍ 64 കോടി മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളൂ. അവസാനം അനുവദിച്ച 29 കോടിയില്‍ സര്‍ക്കാര്‍ഭൂമിക്ക് സംരക്ഷണഭിത്തി കെട്ടാന്‍ അനുവദിച്ച നാലു കോടി ചെലവഴിക്കാത്തതിനാല്‍ പാഴായി. ശേഷിക്കുന്ന 25 കോടിയും ഉപയോഗിച്ചിട്ടില്ല. 2008ല്‍ ഭരണാനുമതി ലഭിച്ച റോഡിന്‍െറ തുടര്‍ നടപടികളുണ്ടാവുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്ന 2014ലാണ്. റോഡിന് 45 മീറ്റര്‍ വീതിയില്‍ ദേശീയപാതാ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്നതും തടസ്സമായെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഉദ്യോഗസ്ഥ അനാസ്ഥയേക്കാള്‍, സ്ഥലമേറ്റെടുപ്പിന് ഫണ്ട് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തതാണ് പ്രശ്നമെന്ന് എ. പ്രദീപ്കുമാര്‍ പറഞ്ഞു. ഫണ്ട് ലഭ്യമാക്കിയിട്ടും തടസ്സംനിന്നവരെയും ഉദ്യോഗസ്ഥരെയും ഗാന്ധിറോഡ് വികസനത്തിന്‍െറ കാര്യത്തില്‍ കാണിച്ചുകൊടുത്തതാണ്. ഉദ്യോഗസ്ഥ അനാസ്ഥയുണ്ടെങ്കില്‍ അതും അന്വേഷിക്കണം. 2008ല്‍ ഇടതുപക്ഷസര്‍ക്കാറാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഫാസ്റ്റ് ട്രാക്ക് പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയതും എന്‍ജിനീയറിങ് സംഘത്തെ നിയമിച്ചതും ഇടതുസര്‍ക്കാറാണ്. എന്നാല്‍, 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച നൂറുകോടിതന്നെ പൂര്‍ണമായി ഇതുവരെ ലഭ്യമായിട്ടില്ല. സ്ഥലമെടുപ്പിനുള്ള 400 കോടി മുഴുവനായി ലഭ്യമായാലേ റോഡ് വികസനം യാഥാര്‍ഥ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു. നോര്‍ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പി.എം. സുരേഷ് ബാബു, ബി.ജെ.പി പ്രതിനിധി പി. രഘുനാഥ്, സൗത് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എം.കെ. മുനീറിനെ പ്രതിനിധാനംചെയ്ത് കെ. മൊയ്തീന്‍ കോയ എന്നിവര്‍ സംസാരിച്ചു. ഡോ. എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. എം.പി. വാസുദേവന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.