ദേശീയപാതയില്‍ അപകടങ്ങള്‍ ഒഴിയുന്നില്ല: കൈനാട്ടിയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

വടകര: ദേശീയപാതയില്‍ അപകടങ്ങള്‍ ഒഴിവാകുന്നില്ല. അടുത്ത കാലത്തായി റോഡില്‍നിന്ന് വാഹനങ്ങള്‍ താഴ്ചയിലേക്ക് മറിയുന്നത് പതിവായിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ എട്ടിന് കൈനാട്ടി പെട്രോള്‍ പമ്പിനു സമീപം സ്വകാര്യബസ് താഴ്ചയിലേക്ക് മറിഞ്ഞു. വന്‍ അപകടം ഭാഗ്യത്തിനാണ് ഒഴിവായത്. നിരവധി പേര്‍ക്ക് നിസ്സാരപരിക്കേറ്റു. വടകരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. വടകര-തൊട്ടില്‍പാലം റൂട്ടിലോടുന്ന രേവതി ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡുകൊടുക്കുമ്പോള്‍ മഴയില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റോഡിന്‍െറ ശോച്യാവസ്ഥയും മത്സരയോട്ടവും അപകടങ്ങള്‍ നിത്യസംഭവമാക്കുകയാണ്. ചെറുതും വലുതുമായ അപകടങ്ങള്‍ നാട്ടുകാരുടെ ഉറക്കംകെടുത്തുകയാണ്. ഒരു മാസത്തിനുള്ളില്‍ 24 അപകടങ്ങളാണ് അഴിയൂര്‍ മുതല്‍ മൂരാട് വരെയുള്ള ദേശീയപാതയിലുണ്ടായത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ മേഖലയില്‍ അപകടം തുടര്‍ക്കഥയായിരുന്നു. ഈ സാഹചര്യത്തിലാണ് വടകര മേഖലയില്‍ ട്രാഫിക് സിഗ്നല്‍ തന്നെ സ്ഥാപിച്ചത്. ഇതിന്‍െറ തുടര്‍ച്ചയായി പൊലീസും ആര്‍.ടി.ഒയും ദേശീയപാത വകുപ്പും സംയുക്തമായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇവയിലൊന്നുപോലും നടപ്പായില്ല. കുട്ടിഡ്രൈവര്‍മാര്‍ ഇരുചക്രവാഹനങ്ങളില്‍ കൂട്ടുകാരോടൊപ്പം ചുറ്റാനിറങ്ങുന്നത് പതിവാണ്. മുമ്പ് വടകരയിലും കൊയിലാണ്ടിയിലും മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് കുട്ടിഡ്രൈവര്‍മാരെ കണ്ടത്തെുന്നതിന് പ്രത്യേക പരിശോധന നടത്തിയിരുന്നു. അന്ന്, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഹൈഡെഫനിഷന്‍ കാമറകളും പരിശോധകരുടെ മൈാബൈല്‍ ഫോണില്‍ ലഭ്യമായ ‘സ്മാര്‍ട്ട് ട്രേഡ്’ സാങ്കേതികവിദ്യയും ഉപയോഗിച്ചായിരുന്നു പിടികൂടിയത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ അമിതവേഗത്തിലും അപകടകരമായും ഓടിച്ചുപോയവരുടെ ഫോട്ടോ എടുക്കുകയും ‘സ്മാര്‍ട്ട് ട്രേഡ്’ വഴി ഉടന്‍ തന്നെ ഉടമയുടെ വിലാസം ശേഖരിച്ച് വീട്ടിലത്തെി കേസെടുക്കുകയുമാണ് ചെയ്തത്. ഇത്തരം പരിശോധനകളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. പകരം അപകടം വിളിച്ചുവരുത്തുന്ന രീതിയില്‍ ഏതെങ്കിലും വളവുകളില്‍ മറഞ്ഞുനിന്നുള്ള പരിശോധനയാണ് പൊലീസ് നടത്തുന്നതെന്ന ആക്ഷേപവുണ്ട്. വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതില്‍ പലതും കുട്ടിഡ്രൈവര്‍മാരുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിനൊപ്പം സ്വകാര്യബസ് ജീവനക്കാരുടെ മത്സരയോട്ടവും കാരണമാവുകയാണ്. ബസ്സ്റ്റാന്‍ഡ് പലപ്പോഴും മത്സരയോട്ടത്തെ ചൊല്ലിയുള്ള കൈയാങ്കളിയുടെ വേദിയാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.