പുക്കുന്നുമലയിലെ ആദിവാസി കുടുംബങ്ങള്‍ വീണ്ടും കുടിയിറക്ക് ഭീഷണിയില്‍

നന്മണ്ട: ആധാരവും പട്ടയവുമടക്കം അസ്സല്‍ രേഖകളുണ്ടായിട്ടും പുക്കുന്നുമലയിലെ ആദിവാസി കുടുംബങ്ങളെ കുടിയിറക്കാന്‍ അധികൃതര്‍ രംഗത്തത്തെി. വര്‍ഷങ്ങളോളമായി പുക്കുന്നുമലയില്‍ താമസിച്ചുവരുന്ന ആദിവാസികളെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കാരും കൈയൊഴിഞ്ഞതോടെ എങ്ങോട്ട് പോകുമെന്നറിയാതെ വിലപിക്കുകയാണ് ഇവര്‍. കാക്കൂര്‍ നന്മണ്ട വില്ളേജുകളിലായി പരന്നുകിടക്കുന്ന പുക്കുന്നുമലയില്‍ ഇരുമ്പയിര് ഖനനജോലിക്കും മറ്റുമായി കൊണ്ടുവന്ന അടിമത്തൊഴിലാളികളുടെ പിന്മുറക്കാരാണ് പട്ടികവര്‍ഗക്കാരായ കരിമ്പാല സമുദായക്കാര്‍. ഇവര്‍ താമസിക്കുന്ന ഭൂമിയില്‍ അവകാശമുന്നയിച്ച് മുട്ടില്‍ ലക്ഷ്മി അമ്മയും കുടുംബവും 1956ല്‍ കോഴിക്കോട് സബ്കോടതിയെ സമീപിച്ചു. നീണ്ടകാലത്തെ നിയമയുദ്ധത്തിനുശേഷം 2012ല്‍ ഇവര്‍ക്ക് അനുകൂലവിധി കിട്ടി. കൈവശക്കാരെ കുടിയിറക്കാന്‍ 2015ല്‍ നടപടി സ്വീകരിച്ചുതുടങ്ങിയതോടെ മിച്ചഭൂമിയായി നല്‍കിയ സ്ഥലത്തുനിന്ന് വീടുവിട്ട് പട്ടികവര്‍ഗ കുടുംബങ്ങളടക്കം കുന്നിറങ്ങാന്‍ നിര്‍ബന്ധിതരായി. 10 ഏക്കര്‍ 85 സെന്‍റ് ഭൂമിയില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന കുടുംബങ്ങള്‍ക്കാണ് മണ്ണു പൊന്നാക്കിമാറ്റിയ കൃഷിഭൂമിയും വീടും ഉപേക്ഷിക്കേണ്ടിവരുന്നത്. ഇതില്‍ അഞ്ചേക്കര്‍ ഭൂമിയില്‍ പട്ടികവര്‍ഗ കുടുംബങ്ങളാണ്. വര്‍ഷങ്ങളായി നികുതി അടച്ചുവരുന്ന ഇവരില്‍നിന്ന് കഴിഞ്ഞവര്‍ഷം മുതല്‍ നന്മണ്ട വില്ളേജ് ഓഫിസില്‍ നികുതി സ്വീകരിച്ചിരുന്നില്ല. കൈവശക്കാര്‍ അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും അവകാശം സ്ഥാപിക്കുന്നതിന് സിവില്‍ കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍, നിര്‍ധനരായ ആദിവാസികള്‍ക്ക് അതിനുള്ള ത്രാണിയില്ലായിരുന്നു. കേസിലെ വിവിധ അവകാശികള്‍ക്കായി മൂന്നു വില്ളേജുകളിലായി നൂറുകണക്കിന് ഏക്കര്‍ താവഴി സ്വത്താണ് കോടതി വീതംവെച്ചു നല്‍കിയിട്ടുള്ളത്. 300ഓളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചുവരുന്നത്. മുട്ടില്‍ ലക്ഷ്മിയമ്മ മുതലുള്ള അവകാശികളാണ് ഇപ്പോള്‍ കൈവശപ്പെടുത്തല്‍ നടപടികള്‍ തുടങ്ങിയിട്ടുള്ളത്. പല പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും അന്യാധീനപ്പെട്ടുപോയ ഭൂമിയില്‍ ഭൂപണയ കടം നിലവിലുണ്ട്. ഇവരുടെ ഭൂമി ജപ്തിചെയ്യാന്‍ കഴിയാത്തതിനാല്‍ മറ്റു സ്ഥാവരജംഗമ വസ്തുക്കളില്‍നിന്ന് ഈടാക്കാനുള്ള പോംവഴി തേടുകയാണ് ബാങ്കുകാര്‍. ചാവ്വാഴ്ച ഇവിടെ പൊലീസ് സംരക്ഷണത്തോടെ ആമീനും താലൂക്ക് സര്‍വേയര്‍മാരും ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ എത്തിയിരുന്നുവെങ്കിലും അതിര് കണ്ടത്തൊനാവാതെ മടങ്ങുകയാണുണ്ടായത്. ചെങ്ങറ, മുത്തങ്ങ സമരങ്ങള്‍ക്കുശേഷം പുക്കുന്നുമലയും രണഭൂമിയാകുമോഎന്നാണ് ആശങ്ക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.