നഗരത്തില്‍ 1505 വീടുകള്‍ക്ക് ശൗചാലയം: ധനസഹായ വിതരണം ഒന്നിന്

കോഴിക്കോട്: കേന്ദ്ര നഗരവികസനവകുപ്പ് നടപ്പാക്കുന്ന സ്വച്ഛ്ഭാരത് പദ്ധതി പ്രകാരമുള്ള ശൗചാലയ നിര്‍മാണത്തിന്‍െറയും ഭവനനിര്‍മാണത്തിന്‍െറയും ഭവന അറ്റകുറ്റപ്പണിയുടെയും ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായം മാര്‍ച്ച് ഒന്നിന് വിതരണം ചെയ്യും. രാവിലെ 10ന് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി മേയര്‍ വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്യും. നഗരപ്രദേശങ്ങളില്‍ ശൗചാലയങ്ങളില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനും പൊതു സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം കര്‍ശനമായി തടയുന്നതിനും സ്വകാര്യ പങ്കാളിത്തത്തോടെ പൊതു ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതുമാണ് സ്വച്ഛ് ഭാരത് മിഷന്‍ വഴി ലക്ഷ്യമിടുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ ഗാര്‍ഹിക ശൗചാലയങ്ങളില്ലാത്തവരെ കണ്ടത്തെുന്നതിന് കുടുംബശ്രീ മുഖേന സര്‍വേ നടത്തിയിട്ടുണ്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ ശൗചാലയങ്ങളില്ല്ളാത്തതും പൊട്ടിപ്പൊളിഞ്ഞതും ശുചിയായി സംരക്ഷിക്കാന്‍ പറ്റാത്തതുമായി 1505 എണ്ണം കണ്ടത്തെിയിട്ടുണ്ട്. ഈ പദ്ധതിപ്രകാരം കണ്ടത്തെിയ ഗുണഭോക്താക്കളുടെ അടിസ്ഥാനവിവരങ്ങള്‍ അക്ഷയകേന്ദ്രം മുഖേന ഡാറ്റാ എന്‍ട്രി ചെയ്തിട്ടുണ്ട്. അപേക്ഷകള്‍ പരിശോധിച്ച് നടപടി സ്വീകരിച്ചുവരുന്നതായി ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്യൂണിറ്റി ടോയ്ലറ്റ് നിര്‍മിക്കേണ്ട ഒമ്പതു സ്ഥലങ്ങളും പൊതുശൗചാലയം നിര്‍മിക്കേണ്ട 16 സ്ഥലങ്ങളും കണ്ടത്തെി നടപടിയെടുക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിഹിതം 4000 രൂപയും സംസ്ഥാന വിഹിതമായി 1333 രൂപയും നഗരസഭാവിഹിതമായി 10,067 രൂപയുമടക്കം 15,400 രൂപയുമാണ് ഒരു ഗുണഭോക്താവിന് ലഭ്യമാകുക. കേന്ദ്ര സര്‍ക്കാറില്‍നിന്ന് 60,20000 രൂപയും സംസ്ഥാന വിഹിതമായി 20,06165 രൂപയും നഗരസഭ പദ്ധതി വിഹിതമായി 1,51,50,835 രൂപയും പദ്ധതിക്കുവേണ്ടി ലഭ്യമായിട്ടുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. മാലിന്യനിര്‍മാര്‍ജനം, ശുചിത്വം എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരണം നടത്തുന്നതിനുള്ള നടപടികള്‍ക്കായി അഞ്ചുലക്ഷം രൂപ ലഭ്യമായിട്ടുണ്ട്. കോര്‍പറേഷന്‍ 2015-16 വര്‍ഷത്തില്‍ നടപ്പാക്കിവരുന്ന വികേന്ദ്രീകൃതാസൂത്രണ പദ്ധതിയില്‍ നഗരസഭപരിധിയിലെ ഭവനരഹിതരായ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിന് 240 പേര്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്. അപേക്ഷകളില്‍നിന്ന് 47 പേര്‍ക്ക് ആദ്യ ഗഡുയിനത്തിലെ തുകയും ഭവനപുനരുദ്ധാരണ ധനസഹായമായി 89 പേര്‍ക്ക് ഒന്നാം ഗഡു ഇനത്തിലുള്ള തുകയും നല്‍കുമെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ അനിതാ രാജന്‍, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, പി.സി. രാജന്‍ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.