ബജറ്റില്‍ അഴിത്തല ഫിഷ്ലാന്‍ഡിങ് സെന്‍ററിന് 1.78 കോടി

വടകര: താഴെ അങ്ങാടിയിലെ മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായ അഴിത്തലയിലെ ഫിഷ് ലാന്‍ഡിങ് സെന്‍ററിന് ഒടുവില്‍ ജീവന്‍വെക്കുന്നു. ബജറ്റില്‍ സെന്‍ററിനായി 1.78 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി അടുത്തിടെ ഫിഷ്ലാന്‍ഡിങ് സെന്‍ററിനായുള്ള മുറവിളി ശക്തമായിരുന്നു. നിലവില്‍ സെന്‍ററിനായി കണ്ടത്തെിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് അനുവദിക്കുമോയെന്ന ആശങ്കയും നിലനിന്നിരുന്നു. ഇതിനിടെ, ടൂറിസ്റ്റ് കേന്ദ്രമായ സാന്‍ഡ്ബാങ്ക്സില്‍ രണ്ടാം ഘട്ട വികസന പ്രവൃത്തിയുടെ ഉദ്ഘാടനം നടത്താന്‍ ശ്രമിക്കുന്നതും നാട്ടുകാരെ പ്രകോപിപ്പിച്ചിരുന്നു. ഇതോടെയാണ് ഫെബ്രുവരി ഒന്നിന് മന്ത്രി എ.പി. അനില്‍കുമാര്‍ നടത്താനിരുന്ന ഉദ്ഘാടന പരിപാടി മാറ്റിയത്. പരിപാടി ബഹിഷ്കരിക്കുമെന്ന് മത്സ്യത്തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയെന്നോണം മത്സ്യത്തൊഴിലാളികള്‍ സ്വന്തംനിലക്ക് സെന്‍ററിന്‍െറ നിര്‍മാണപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. മഞ്ചാന്‍ അലി (ചെയര്‍), എന്‍.എ. ബക്കര്‍ (കണ്‍), കെ.പി. കരീം (ട്രഷ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപവത്കരിച്ച് ഒരുലക്ഷം രൂപയുടെ പ്രവൃത്തി ഇവിടെ നടന്നിട്ടുമുണ്ട്. 2003ല്‍ ഏഴര ലക്ഷം രൂപ ചെലവിട്ടാണ് നഗരസഭ ഫിഷ്ലാന്‍ഡിങ് സെന്‍ററിനായി ഭൂമി ഏറ്റെടുത്തത്. ഇതില്‍ 85,000 രൂപ മത്സ്യത്തൊഴിലാളികള്‍ നല്‍കിയതാണ്. സെന്‍ററിന് തുക വകയിരുത്തിയ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര ടൗണില്‍ പ്രകടനം നടത്തി. ടി.ഐ. നാസര്‍, എം. ഫൈസല്‍, പി.വി. അന്‍സാര്‍, എന്‍.പി. കരീം എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.