നടക്കുതാഴ-ചോറോട് കനാല്‍ നാശത്തിന്‍െറ വക്കില്‍

വടകര: കാര്‍ഷികമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് ഇറിഗേഷന്‍ വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ആവിഷ്കരിച്ച നടക്കുതാഴ-ചോറോട് കനാല്‍ പദ്ധതി നാശത്തിന്‍െറ വക്കില്‍. വടകര നഗരസഭയിലെയും ചോറോട് പഞ്ചായത്തിലെയും കാര്‍ഷികമേഖലക്ക് ഏറെ ഉപകാരപ്രദമാവേണ്ട പദ്ധതിയാണിത്. എന്നാല്‍, 45 വര്‍ഷത്തിലധികമായി നാടിന്‍െറ ജീവനാടിയായി നിലകൊണ്ട ജലസ്രോതസ്സ് അധികൃതരുടെ അനാസ്ഥയും ജനങ്ങളുടെ അശ്രദ്ധയും കാരണം നശിക്കുകയാണ്. മാലിന്യങ്ങള്‍ കനാലില്‍ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. വര്‍ഷന്തോറും നടക്കേണ്ട അറ്റകുറ്റ പ്രവൃത്തികളും നടക്കുന്നില്ല. ഇതുമൂലം കനാലിന്‍െറ കര പലയിടത്തും ഇടിഞ്ഞിട്ടുണ്ട്. മഴക്കാലത്ത് വലിയ തോതില്‍ വെള്ളം ഒഴുകിപ്പോകുന്ന തോടാണിത്. ഇപ്പോള്‍ പല ഭാഗത്തും മണ്ണ് തുരന്നതിനാല്‍ ഒഴുക്ക് നിലച്ചു. കൃഷി ആവശ്യത്തിനുപയോഗിക്കാനുള്ള ചീര്‍പ്പ് പ്രവര്‍ത്തനരഹിതമായിട്ടു വര്‍ഷങ്ങളായി. ’90കളില്‍ പുതിയാപ്പിലെ വാട്ടര്‍ അതോറിറ്റി ടാങ്കിലേക്ക് കുടിവെള്ളമത്തെിയത് ഈ കനാലിന്‍െറ കരയില്‍ നിര്‍മിച്ച കിണറില്‍നിന്നായിരുന്നു. അതേസമയം, കനാലിന്‍െറ ഇപ്പോഴത്തെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നോട്ടുവന്നിട്ടുണ്ട്. പരിഷത്ത് ജില്ലാ സമ്മേളനത്തിന്‍െറ ഭാഗമായി കനാല്‍ ശുചീകരിക്കാനും നിരന്തരസംരക്ഷണത്തിനായി ബോധവത്കരണം നടത്താനും പദ്ധതിയിട്ടിരിക്കയാണ്. എം.പി, എം.എല്‍.എ ഫണ്ടുകള്‍ നേടിയെടുക്കാനും സര്‍ക്കാറിന്‍െറ നിരന്തര ജാഗ്രത ഉറപ്പാക്കാന്‍ ശ്രമിക്കാനും പരിഷത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി ഈ മാസം14 ന് കനാല്‍ കരയിലൂടെ ജനകീയയാത്ര നടത്തും. മാര്‍ച്ച് 29നു കനാല്‍ ശുചീകരിക്കും. ആറു സെഷനുകളായി തിരിച്ച് ഒറ്റദിവസംകൊണ്ടാണ് ശുചീകരണം നടത്തുക. ഇതിനായി നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപങ്ങള്‍, നഗരസഭ, പഞ്ചായത്ത് എന്നിവയുടെ സഹായം തേടും. യോഗത്തില്‍ പരിഷത്ത് കേന്ദ്രകമ്മിറ്റി അംഗം മോഹനല്‍ മണലില്‍ പരിപാടികള്‍ വിശദീകരിച്ചു. കോമുള്ളി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.കെ. രാജീവന്‍, പി. വത്സലന്‍, വി. ദിനേശന്‍, കെ.കെ. വനജ, വി. ഗോപാലന്‍, ടി.കെ. പ്രഭാകരന്‍, ഹരി കൃപ, അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍: എടയത്ത് ശ്രീധരന്‍ (ചെയര്‍), വി.ടി. സദാനന്ദന്‍(കണ്‍), പി.കെ. ശശി, ടി.കെ. പ്രഭാകരന്‍, എ. നളിനാക്ഷന്‍, അബ്ദുല്‍ നാസര്‍, പി. എം. ഹരീന്ദ്രന്‍, പി. സോമശേഖരന്‍, അഡ്വ. ലതിക ശ്രീനിവാസ്, (വൈസ് ചെയര്‍), അനില്‍ എടയത്ത്, ടി.ടി. അരവിന്ദന്‍, രഞ്ജിത്ത് കനതായി, കെ.ടി.കെ. അജിത്( ജോ. കണ്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.