കുറ്റ്യാടി: ടൗണില്‍ പൊതുജനങ്ങള്‍ക്ക് നടന്നുപോകാനുള്ള പാതകള്‍ വ്യാപാരികള്‍ സ്വന്തമാക്കി കച്ചവട വസ്തുക്കള്‍ സൂക്ഷിക്കുന്നത് വ്യാപകമാവുന്നു. പാതയുടെ ഭൂരിഭാഗവും സാധനം സൂക്ഷിക്കാനെടുക്കുകയും അല്‍പഭാഗം നടക്കാന്‍ വിട്ടുകൊടുക്കുന്ന പ്രവണതയും ഉണ്ട്. പാതകളില്ലാത്തിടത്ത് ഓവുചാലിനു മുകളിലും റോഡിലും വരെ സാധനങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഇത് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പോലും പ്രയാസം സൃഷ്ടിക്കുന്നു. ജീവിതം പുലര്‍ത്താന്‍ വേണ്ടി നടപ്പാതക്കരികില്‍ തെരുവു വ്യാപാരം നടത്തുന്നവരെയാണ് പലപ്പോഴും പൊലീസും പഞ്ചായത്ത് അധികൃതരും ഒഴിപ്പിക്കുന്നത് എന്ന പരാതിയും ഉണ്ട്. മിക്ക കടക്കാരും ഓവുചാലിനു മുകളില്‍ റൂഫിങ് നടത്തിയിട്ടുമുണ്ട്. മുമ്പ് ബന്ധപ്പെട്ടവര്‍ ഇത് പൊളിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ പ്രശ്നമല്ലാതായിരിക്കുകയാണ്. പുതിയ കെട്ടിടങ്ങളുടെ മുറ്റങ്ങളില്‍ അനുമതിയില്ലാതെ മുറികള്‍ നിര്‍മിച്ച് വ്യാപാരം നടത്തുന്നുമുണ്ട്. കെട്ടിട മുകളിലെ മഴവെള്ളം ഒലിച്ചുപോകാനുള്ള പൈപ്പുകള്‍ റോഡിലേക്ക് നീട്ടിവെക്കുന്നതും വര്‍ധിക്കുന്നുണ്ട്. മഴപെയ്യുമ്പോള്‍ നടന്നുപോകുന്നവരുടെ തലയിലാണ് ഈ വെള്ളം പതിക്കുന്നത്. മഴതോര്‍ന്നാലും പൈപ്പിലെ വെള്ളം റോഡിലേക്ക് ചീറ്റുന്നുണ്ടാവും. ഇതൊന്നും കാണാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. മഴക്കുമുമ്പേ ഓവ് വൃത്തിയാക്കാന്‍ മണ്ണുമാന്തി കൊണ്ട് സ്ളാബുകള്‍ മാറ്റിയപ്പോള്‍ മിക്കവയും തകര്‍ന്നു. വശങ്ങള്‍ അടര്‍ന്ന സ്ളാബുകളാണിപ്പോള്‍ മിക്ക റോഡിലും. ഇളകിത്തെറിക്കുന്ന ഈ സ്ളാബുകള്‍ക്കിടയില്‍ കാല്‍ കുരുങ്ങി വീഴുന്നതും പതിവാണ്. കരാറുകാരെക്കൊണ്ട് സ്ളാബുകള്‍ നേരെയാക്കാന്‍ പഞ്ചായത്തിന് ഇനിയും സാധിച്ചിട്ടില്ല. കൂടാതെ ബൈക്കുകള്‍ കയറ്റാതിരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലെ മുറ്റത്ത് ചങ്ങലകള്‍ സ്ഥാപിക്കുന്നതും കാല്‍നടയാത്രക്കാരെ വീഴ്ത്തുന്നുണ്ട്. ആവശ്യത്തിന് ഉയരത്തില്‍ സ്ഥാപിക്കാത്ത ഈ ചങ്ങലയില്‍ കുരുങ്ങിയാണ് അധിക പേരും വീഴുന്നത്. നടപ്പാതകള്‍ കൈയേറി വ്യാപാരം നടത്തുന്നത് 27നകം ഒഴിയണമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. ഇല്ളെങ്കില്‍ നിയമാനുസൃതം നീക്കം ചെയ്ത് നടപടി സ്വീകരിക്കും. ലൈസന്‍സ് ഇല്ലാത്ത വ്യാപാരികള്‍ ഉടന്‍ ലൈസന്‍സ് നേടണം. ലൈസന്‍സില്ലാത്തവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പാതയോരത്ത് സൂക്ഷിച്ച സാധനങ്ങള്‍ നീക്കുകയും വേണമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.