കോഴിക്കോട്: നില്‍ക്കാന്‍പോലും ഇടമില്ലാത്ത ദേശീയപാതയോരത്ത് കിലോമീറ്ററോളം വഴിമുടക്കി വാഹനങ്ങളുടെ നീണ്ടനിര തുടരുന്നു. നല്ലളം വൈദ്യുതി സ്റ്റേഷന് സമീപം മുതല്‍ പൊലീസ് സ്റ്റേഷന്‍ വരെയാണ് ഓടാത്ത വാഹനങ്ങളുടെ നിര നാള്‍ക്കുനാള്‍ കൂടി വരുന്നത്. നല്ലളം സ്റ്റേഷനില്‍ മണല്‍കടത്തും മദ്യക്കടത്തും മറ്റുമായി വിവിധ കേസുകളില്‍ പിടിയിലായവയും അപകടങ്ങളില്‍പെട്ടവയുമായ വണ്ടികളാണ് ഇവയിലധികവും. നല്ലളം സ്റ്റേഷനുമുന്നില്‍ പിടിച്ചിട്ട ഒമ്പതു വണ്ടികള്‍ ഈയിടെ ലേലത്തില്‍ പോയിരുന്നു. ഇവയടക്കം 16 എണ്ണം ബന്ധപ്പെട്ടവര്‍ കഴിഞ്ഞദിവസം പൊളിച്ചു നീക്കാന്‍ തുടങ്ങിയെങ്കിലും ബാക്കിയുള്ളവ ഇപ്പോഴും വഴിമുടക്കികളായി തുടരുന്നു. നിറയെ മണലുമായി പിടികൂടിയ അതേയവസ്ഥയില്‍ കിടക്കുന്ന ടിപ്പര്‍ ലോറികളും വര്‍ഷങ്ങളായി റോഡരികിലുണ്ട്. കേസ് കോടതിയില്‍ പരിഗണനയിലിരിക്കുന്നതും ഉടമകള്‍ വരാത്തതുമൊക്കെ വാഹനങ്ങള്‍ നീണ്ടകാലം കിടക്കാന്‍ കാരണമാണ്. പിടികൂടിയ വാഹനങ്ങള്‍ കൊണ്ടിടാന്‍ മറ്റ് സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പാതയോരം തന്നെ ശരണം. കോടികള്‍ വിലയിടാവുന്ന വാഹനങ്ങളാണ് വെയിലും മഴയുമേറ്റ് നശിക്കുന്നത്. മണല്‍വണ്ടികളില്‍ മിക്കതിലും ചെടികള്‍ വളര്‍ന്ന് പന്തലിച്ചിട്ടുണ്ട്. പുല്ലും ആലും പച്ചക്കറിയുമൊക്കെ വളര്‍ന്ന് റോഡരികില്‍ വാഹനത്തിനകത്ത് ചെറിയ തോട്ടം തന്നെ രൂപപ്പെട്ടു. പിടികൂടുന്ന വാഹനങ്ങള്‍ പുറത്തിറക്കണമെങ്കില്‍ വണ്ടിയെക്കാള്‍ പണം കെട്ടിവെക്കേണ്ടിവരുന്നതിനാല്‍ പൊലീസ് പിടിച്ചാല്‍ വാഹനം തന്നെ ഉപേക്ഷിക്കുന്നതാണ് രീതി. ലേലം ചെയ്ത് ഒഴിവാക്കണമെങ്കില്‍ ചുവപ്പുനാടകള്‍ പലത് പിന്നിടണമെന്നതിനാല്‍ അധികൃതരും കൈയൊഴിയുന്നു. പല സ്റ്റേഷനുകളിലും പൊലീസ് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പോലും സൗകര്യമില്ലാത്തവിധം വളര്‍ന്നു വാഹനനിര. നല്ലളം പൊലീസ് സ്റ്റേഷന് സമീപത്ത് ആക്രിക്കച്ചവടക്കാര്‍ക്ക് പോലും വേണ്ടാത്തത്ര പഴകിയ വണ്ടികളുമുണ്ട്. ഓഫിസ് പരിസരത്തും കെട്ടിടത്തിനകത്തേക്കും വരെ അനധികൃത മണല്‍ തിങ്ങിനിറഞ്ഞതോടെ പൊലീസുകാര്‍ നാഥനില്ലാ വാഹനങ്ങള്‍ നീക്കി റോഡിന്‍െറ വശങ്ങളിലേക്കിടുകയായിരുന്നു. സിവില്‍ സ്റ്റേഷന്‍, ഫറോക്ക് പൊലീസ് സ്റ്റേഷന്‍, പുറമേരി, തൊട്ടില്‍പ്പാലം സ്റ്റേഷന്‍ തുടങ്ങിയിടത്തെല്ലാം വാഹനപ്പടയുണ്ടെങ്കിലും ജില്ലയില്‍ നല്ലളം സ്റ്റേഷനുമുന്നിലുള്ളപോലെ വാഹനപ്പെരുപ്പം എവിടെയുമില്ല. പൊലീസ് സ്റ്റേഷനുകളിലെ മണല്‍ ലേലം ചെയ്യാനുള്ള നടപടികള്‍ ഇനിയും മുന്നോട്ട് പോകാത്തതും വാഹനപ്പെരുപ്പത്തിന് കാരണമാണ്. ജില്ലയില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ഇ-ലേല നടപടികള്‍ പ്രാഥമികഘട്ടം ആരംഭിക്കുകയും റവന്യൂ വകുപ്പിന് കീഴില്‍ ലേല നടപടികള്‍ക്കായി സബ്കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തെങ്കിലും കാര്യങ്ങള്‍ ഇനിയും മുന്നോട്ട് പോകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.